യുക്രൈനില്‍ അക്രമണം ശക്തമാക്കി റഷ്യന്‍ സൈന്യം. ലിവീവിലെ സൈനിക താവളത്തിന് നേരെയുള്ള റഷ്യന്‍ വ്യേമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. 134 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ യുക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവത്തിലാണ് ഞായറാഴ്ച അക്രമണമുണ്ടായത്.
മരിച്ചവരില്‍ നിരവധി സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായും ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായതെന്നും ലിവീവ് ഗവര്‍ണര്‍ മാക്‌സിം അറിയിച്ചു.
കിഴക്കന്‍ മേഖലയില്‍നിന്ന് യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് റഷ്യ സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് ലിവീവില്‍ വ്യോമാക്രമണമുണ്ടായത്. ഒരുഭാഗത്ത് സമാധാന ശ്രമങ്ങള്‍ക്കുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെയാണ് റഷ്യ ആക്രമണം ശക്തമാക്കുന്നത്. സൈനിക നീക്കത്തിനൊപ്പം നഗരങ്ങളിലെ മേയര്‍മാരെ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയി ബന്ദിക്കളാക്കുന്നുവെന്ന ആരോപണവും യുക്രൈന്‍ ഉയര്‍ത്തുന്നുണ്ട്.
പടിഞ്ഞാറന്‍ യുക്രൈനിലും സൈനികനീക്കം ശക്തിപ്പെടുത്തിയതോടെ പോളണ്ട് അടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ ഭാഗത്തേക്ക് റഷ്യന്‍സേന നീങ്ങുന്നുവെന്ന ഭീഷണിയും ഉയര്‍ന്നുവരുകയാണ്. നാറ്റോ സഖ്യകക്ഷികളിലെ പല രാജ്യങ്ങളും കഴിഞ്ഞ ദിവസം സൈനിക ശേഷി വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യാവോറിവ് സൈനിക താവളം ലക്ഷ്യമിട്ടും റഷ്യ വ്യോമാക്രമണം നടത്തിയത്.
യുക്രൈന്‍ തുറമുഖനഗരമായ മരിയോപോളിലും റഷ്യന്‍ സേനയുടെ അക്രമണം ശക്തമാണ്. മരിയോപോളിന്റെ കിഴക്കന്‍മേഖല റഷ്യയുടെ സൈന്യം പിടിച്ചെടുത്തെന്നും തുറമുഖനഗരത്തില്‍ അവരുടെ പിടിമുറുക്കിയെന്നും യുക്രൈന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. റഷ്യന്‍ സൈന്യം വളഞ്ഞതിനു പിന്നാലെ, നഗരത്തില്‍ 1,500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി മരിയോപോള്‍ മേയറുടെ ഓഫീസ് അറിയിച്ചിരുന്നു.