സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ റഷ്യ യുക്രൈനിലെ ആക്രമണം കടുപ്പിച്ചു. ആറാം ദിവസമാണ് റഷ്യ ആക്രമണം തുടരുന്നത്. തലസ്ഥാനമായ കീവില്‍ പോരാട്ടം ശക്തമായി. നഗരത്തില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കീവിന് അടുത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തില്‍ ബ്രോവറി മേയര്‍ക്കും പരിക്കേറ്റെതായാണ് റിപ്പോര്‍ട്ടുകള്‍.
ഖാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ റീജിയണല്‍ ഗവര്‍ണര്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തന്ത്രപ്രധാന സ്ഥാപനങ്ങളോ, സൈനികപോസ്റ്റുകളോ ഇല്ലാത്ത ജനവാസകേന്ദ്രത്തില്‍ റഷ്യന്‍ സൈന്യം ബോംബിടുകയായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
റഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയതോടെ കീവില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ പ്രധാന ഖാര്‍കീവിലും റഷ്യന്‍ സേന തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി.