ചെർണോബിൽ പിടിച്ചെടുത്ത് റഷ്യ. 1986ൽ ആണവദുരന്തമുണ്ടായ റിയാക്ടറുകൾ ഉൾപ്പെടുന്ന മേഖലയാണ് റഷ്യൻ സൈന്യം പിടിച്ചടുത്തത്. റഷ്യൻ സൈന്യം എത്തിയെന്ന് ഉക്രൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ചെർണോബിലും റഷ്യയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞത് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.
റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെർണോബിലിലെത്തിയത്. 1986ൽ ലോകത്തെ നടുക്കിയ ആണവ ദുരന്തത്തിന് ശേഷം ആണവനിലയം പ്രവർത്തനരഹിതമാണ്.
ഉക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ ചെർണോബിലിൽ പയറ്റിയിരിക്കുന്നത്. ചെർണോബിൽ ആണവനിലയത്തിൽ ആക്രമണം നടത്തിയാൽ അതിന്റെ വരും വരായ്കകൾ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാൽ റഷ്യ അതിന് മുതിരില്ലെന്നാണ് ഇപ്പോൾ കരുതുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെർണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്. ചെർണോബിൽ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടൽ നടക്കുന്നതായും ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.
അതേസയം, ഉക്രൈൻ അധിനിവേശത്തെ ന്യായീകരിച്ച് പുടിൻ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് താൻ ആക്രമണം നടത്തിയതെന്നായിരുന്നു പുടിൻ വ്യക്തമാക്കിയത്.
റഷ്യയുടെ സുരക്ഷയെ കരുതി ഉക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.