തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ നടത്തിയ സംവാദത്തില്‍ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ വി ജി മേനോന്‍. ‘ജന സാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്‌നങ്ങളുമുണ്ട്. ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാണ്. ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നത് മര്യാദകേടാണ്.’-അദ്ദേഹം പറഞ്ഞു.
ആര്‍വിജി മേനോന്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍:
‘സില്‍വര്‍ ലൈന്‍ അല്ല പ്രശ്‌നം, ഗതാഗത വികസനമാണ്. ഗതാഗത വികസനത്തില്‍ തീര്‍ച്ചയായും റെയില്‍വെയ്ക്ക് പങ്കുണ്ട്. പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത് പ്രശ്‌നമാണ്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാത മുടങ്ങിക്കിടന്നിട്ട് മുപ്പത് വര്‍ഷമായി. നാട്ടുകാര്‍ എതിര്‍ത്തിട്ടൊന്നുമല്ല താമസിച്ചത്. അതിനുള്ള ശേഷിയും ഇച്ഛാശക്തിയും രാഷ്ട്രീയ നേതൃത്വത്തിനില്ല. ഇപ്പോള്‍ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നു. ആലപ്പുഴ റൂട്ടില്‍ അമ്പലപ്പുഴ മുതല്‍ അനക്കമില്ല, ആര് എതിര്‍ത്തിട്ടാണ്,നാട്ടുകാരെ കുറ്റം പറയുകയാണ്.
5.55ന് ജനശതാബ്ദിയില്‍ തിരുവനന്തപുരത്ത് നിന്ന് കേറിയില്‍ 9.15ന് എറണാകുളത്തെത്താം. അത് ഒട്ടും മോശമല്ല. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ എളുപ്പത്തില്‍ എത്തും. ജനസാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്‌നങ്ങളുമുണ്ട്. സ്റ്റാന്റേര്‍ഡ് ഗേജിലാണ് എന്നത് പ്രശ്‌നമാണ്. ബ്രോഡ്‌ഗേജില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള സെമി ഹൈസ്്പീഡ് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. 160 കിലോമീറ്റര്‍ സ്പീഡിലേ പോകൂ എന്ന് മോശമായിട്ട് പറയുന്നു. ഒളിമ്പിക്‌സ് റെയിസിന് പോവുകയല്ല. 200 കിലോമീറ്റര്‍ ആയാലെ പറ്റുള്ളു എന്നൊക്കെ പറയുന്നത് ആരെ പറ്റിക്കാനാണ്?
ഇന്ത്യയിലുണ്ടാക്കുന്ന ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിനുകള്‍ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? സില്‍വര്‍ ലൈന്‍ സ്റ്റാന്റേര്‍ഡ് ഗേജ് മതിയെന്ന് ഏത് പ്രക്രിയയിലൂടെയാണ് തീരുമാനിച്ചത്? അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേ?
ഞങ്ങള്‍ തീരുമാനിച്ചു, ഇതാണ് വികസനം, ഇതിനെ എതിര്‍ക്കുന്നവരെല്ലാം മോശക്കാരാണ് എന്നുപറയുന്നത് സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല. ജപ്പാന്‍കാര്‍ കടം തരുന്നത് നമ്മള്‍ നന്നാകാന്‍ വേണ്ടിയല്ല. അവരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ്. ഈ ചര്‍ച്ച മൂന്നാലു കൊല്ലം മുന്‍പ് നടത്തേണ്ടതായിരുന്നു. ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാണ്. ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നത് മര്യാദകേടാണ്.’