ബെംഗളൂരു | ലെബനോനിനെ പരാജയപ്പെടുത്തി സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. കലാശപ്പോരില്‍ കുവൈത്ത് ആണ് ഇന്ത്യയുടെ എതിരാളി. ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ലെബനോനെ ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്കോർ 0-0 (4-2)ഷൂട്ടൗട്ടിൽ ഇന്ത്യയുടെ നാല് ഷോട്ടുകൾ ലക്ഷ്യം കണ്ടു. ലെബനോൻ്റെ ഒരു ഷോട്ട് ഗോളി ഗുർപ്രീത് തടയുകയും ഒന്ന് പാഴായിപ്പോകുകയും ചെയ്തു.
ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അന്‍വര്‍, മഹേഷ്, ഉദാന്ത എന്നിവരാണ് പെനാല്‍റ്റി കിക്കെടുത്തത്. എല്ലാവരും ലക്ഷ്യം കണ്ടു. ലെബനന്‍ നിരയിലെ മഅതൂകിന്റെ ആദ്യ കിക്ക് ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് തടഞ്ഞു. രണ്ടാമത്തെ കിക്ക് ശൂര്‍ വലയിലാക്കി. ലെബനാന്റെ മൂന്നാം പെനാല്‍റ്റി സാദിക് ലക്ഷ്യം കണ്ടെങ്കിലും ബദറിന്റെ നാലാം കിക്ക് ബാറില്‍ തട്ടി പുറത്തേക്ക് പോയി. ഇതോടെ ഇന്ത്യ ജയിക്കുകയായിരുന്നു.നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനില ആയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഇരുടീമുകളും കനത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും നിശ്ചിത, അധിക സമയങ്ങളില്‍ ഗോള്‍ പിറന്നിരുന്നില്ല.ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് കുവൈത്ത് ഫൈനലിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കുവൈത്തിന്റെ വിജയം. ദിവസങ്ങള്‍ക്ക് മുമ്പ് ലെബനോനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കോണ്ടിനന്റല്‍ കപ്പില്‍ മുത്തമിട്ടത്