Friday, October 4, 2024
HomeNewsKeralaമണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ദർശനത്തിന് എത്തിയത് 9,000 തീർഥാടകർ. കഴിഞ്ഞ വർഷം ഇതേ...

മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ദർശനത്തിന് എത്തിയത് 9,000 തീർഥാടകർ. കഴിഞ്ഞ വർഷം ഇതേ സമയം മൂന്ന് ലക്ഷം പേർ

ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ദർശനത്തിന് എത്തിയത് 9,000 തീർഥാടകർ. കഴിഞ്ഞ വർഷം മൂന്നുലക്ഷത്തോളം പേർ ഈ സമയം മല ചവിട്ടിയിരുന്നു. കോവിഡ് നിയന്ത്രണം നിലനിൽക്കെ, ഈ സീസണിൽ സന്നിധാനത്ത് തീർഥാടകരുടെ ചെറിയ തിരക്കെങ്കിലും ഉണ്ടായത് ശനിയാഴ്ചയാണ്. വലിയ നടപ്പന്തലിൽ രാവിലെ തന്നെ തിരക്കുണ്ടായിരുന്നു. പതിനെട്ടാംപടി കയറാനും ദർശനം നടത്താനും കൂടുതൽ ഭക്തരെത്തി. വാവര് നടയിൽ അയ്യപ്പന്മാർകൂടിയിരിക്കുന്നതും ഇത്തവണത്തെ ആദ്യകാഴ്ചയായിരുന്നു. കോവിഡ് നിയന്ത്രണം വന്നശേഷം എട്ടുമാസത്തിനിടെ ഏറ്റവും കൂടുതൽ ഭക്തർ എത്തിയ ദിവസവും ശനിയാഴ്ചയാണ്. ശനിയാഴ്ച 1,959 പേർ ദർശനം നടത്തി.ഞായറാഴ്ചയും തിരക്ക് ഉണ്ടായിരുന്നു. ഉച്ചവരെ 1,573 പേർ ദർശനം നടത്തി. തീർഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചു. മുൻവർഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നു. ഇപ്പോൾ പത്ത് ലക്ഷം രൂപയിൽത്താഴെ മാത്രം. സാധാരണദിവസം 1,000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2,000 പേർക്കുമാണ് ദർശനാനുമതി. തിങ്കൾ മുതൽ വെള്ളി വരെ 950 മുതൽ 1050 പേരാണ് ദിവസവും വന്നത്. ശനി, ഞായർ ദിവസങ്ങളിൽ 2000-ത്തിന് അടുത്തും. ഓൺലൈൻ വഴി ബുക്കുചെയ്യുന്നവരിൽ 40 ശതമാനം പേരും വരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. കാത്തിരിപ്പ് പട്ടികയിൽ ഉള്ളവർക്ക് അവസരം നൽകിയത് മൂലമാണ് ഭക്തരുടെ എണ്ണം 1,000 ആവുന്നത്. ശനിയാഴ്ച 2,000 പേർ വന്നിട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. പ്രതിദിനം വരുന്ന ഭക്തരുടെ എണ്ണം കൂട്ടിയാലും കോവിഡ് നിയന്ത്രണം പാലിക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു. ശാരീരിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താൻ സന്നിധാനം വലിയ നടപ്പന്തലിൽ 351 ഇടങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൈകളും കാലും ശുചീകരിക്കുന്നതിനും വലിയ നടപ്പന്തലിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments