തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തന്നെ വന്നുകണ്ട ചില മാധ്യമ പ്രവര്‍ത്തകരോടെ 2018ല്‍ ശബരിമലയിലുണ്ടായ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും അന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നയപ്രഖ്യാപനത്തിന്‍ മേലുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു കടകംപളളിയുടെ വിശദീകരണം. താന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ചാണ് പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ അന്നേ ഇതു വിശദീകരിച്ചിരുന്നുവെങ്കില്‍ അത് മറ്റു തരത്തിലും പ്രചരിപ്പിക്കുമായിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പു വേളയില്‍ കടകംപള്ളി നടത്തിയ ഖേദ പ്രകടനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും സുപ്രീംകോടതി വിധിയെ സര്‍ക്കാരിന് എതിര്‍ക്കാനാവില്ലെന്നുമായിരുന്നു യെച്ചൂരിയുടെ നിലപാട്.