കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. കൊലപാതകത്തിനു പിന്നിൽ സ്ഥലം എംഎൽഎ പി.വി.ശ്രീനിജൻ ആണെന്നും എംഎൽഎയെ ഒന്നാം പ്രതിയാക്കണമെന്നും സാബു എം.ജേക്കബ് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു ട്വന്റി ട്വന്റി പ്രവർത്തകനും ആരെയും ആക്രമിച്ചതായി കേസില്ല. പക്ഷെ ഞങ്ങളുടെ നൂറുകണക്കിന് പ്രവർത്തകർ പല തവണ ആക്രമിക്കപ്പെട്ടു. ശ്രീനിജൻ എംഎല്‍എ ആയ ശേഷം 50ഓളം പേർ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു.
പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ടുപോയത്. അതിനു തടസം നിന്നു കഴിഞ്ഞപ്പോള്‍ എല്ലാവരും പ്രതിഷേധിക്കാമെന്നു പറഞ്ഞു. അക്രമരാഷ്ട്രീയത്തിന് എതിരായ ഞങ്ങള്‍ ഇതിന് ഗാന്ധിയൻ സമീപനമാണ് സ്വീകരിച്ചത്.
ട്വന്റി ട്വന്റിയുടെ സജീവ പ്രവർത്തകനാണ് ദീപു. അന്നേ ദിവസം ലൈറ്റ് അണയ്ക്കുന്ന കാര്യം ഓർമിപ്പിക്കുന്നതിനായി വീടുകൾ കയറി ഇറങ്ങുമ്പോൾ, അക്രമികൾ മുൻകൂട്ടി പ്ലാൻ ചെയ്ത് പതുങ്ങി ഇരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ എത്താൻ 15 മിനിറ്റ് എടുത്തു. അപ്പോഴും മർദനം തുടരുകയായിരുന്നു.
പ്രൊഫഷണൽ രീതിയിൽ നടത്തിയിട്ടുള്ള കൊലപാതകമാണിത്. കാരണം പുറമെ ഒരു പരുക്കും കാണാനില്ല. ആന്തരിക അവയവങ്ങൾക്ക് മുഴുവൻ ക്ഷതമേൽപ്പിച്ചു. മര്‍ദനത്തിന് ശേഷം പൊലീസിൽ കേസ് കൊടുത്താൽ കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേ ദിവസം വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി.
കൃത്യം നടത്തുന്നതിന് മുൻപും ശേഷവും എംഎല്‍എയുമായി പ്രതികൾ ചർച്ച നടത്തി. ഗൂഢാലോചന നടത്തി. അഞ്ചാം തീയതിക്കും 12-ാം തീയതിക്കും ഇടയിലാണ് ഗൂഢാലോചന നടത്തിയത്. കേസില്‍ പി.വി.ശ്രീനിജന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കണമെന്നും എംഎൽഎയുടെ ഗുണ്ടകളെ ഇറക്കി വിട്ടിരിക്കുകയാണെന്നും സാബു എം.ജേക്കബ് ആരോപിച്ചു.
അക്രമികളുടെയും കൊലയാളികളുടെയും നാടായി കേരളം മാറി. ആക്രമിച്ചുവെന്ന് ആശുപത്രിയിൽ വച്ച് ദീപു തന്നെ മൊഴി നൽകിയിട്ടുണ്ട്. എംഎൽഎയുടെയും പ്രതികളുടെയും ഫോൺ പരിശോധിക്കണമെന്നും സാബു ജേക്കബ് പറഞ്ഞു.