Pravasimalayaly

ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കുമോ?; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. 

മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് സജി ചെറിയാനെതിരെ കോടതിയെ സമീപിച്ചത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം രാജി വെച്ചതു കൊണ്ടുമാത്രം  കാര്യമില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. 

എന്നാല്‍ സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് മുന്‍മന്ത്രിക്കെതിരെ കേസെടുക്കാന്‍ കീഴ് വായ്പൂര്‍ പൊലീസിന് തിരുവല്ല കോടതി നിര്‍ദേശം നല്‍കിയത്. 

എന്നാല്‍ ആറു മാസത്തെ അന്വേഷണത്തിനിടെ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ച് സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിലടക്കം വന്നിരുന്നു. സജി ചെറിയാനെതിരായ കേസ് അന്വേ,ണം പൊലീസ് അവസാനിപ്പിച്ചാല്‍ അതിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

Exit mobile version