Saturday, November 23, 2024
HomeNewsKeralaഭരണഘടനയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍, പ്രസംഗം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദമുണ്ട്; വിവാദ പ്രസ്താവനയില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി...

ഭരണഘടനയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍, പ്രസംഗം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദമുണ്ട്; വിവാദ പ്രസ്താവനയില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍

ഭരണഘടനാ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാണ് താനെന്ന് മുന്‍മന്ത്രി സജി ചെറിയാന്‍. വിവാദ പ്രസ്താവനയില്‍ നിയമസഭയില്‍ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. തന്റേതായ വാക്കുകളിലാണ് പ്രസംഗിച്ചത്. ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനെയാണ് പ്രസംഗത്തില്‍ പ്രതിപാദിച്ചത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഭരണഘടനയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍. പ്രസംഗം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദമുണ്ട്. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അംബേദ്കറിനെ ആക്ഷേപിച്ചതായി വരെ നുണ പ്രചാരണം നടത്തിയവരുണ്ട്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചതില്‍ വേദനയും ദു:ഖവുമുണ്ട്. അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐആറില്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയിരിക്കുന്നത്.

സജി ചെറിയാന്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സിപിഐഎമ്മിന്റെ കണ്ണൂര്‍ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments