അടിമുടി നുണയിൽ കെട്ടിപ്പൊക്കിയ ഒരു ഗീബൽസിയൻ ഭരണകൂടമെന്ന് പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ജനങ്ങളോട് പത്രസമ്മേളനം നടത്തി കള്ളം പറയാൻ മടിയില്ലാത്ത മുഖ്യമന്ത്രി ജനവികാരം ഒന്ന് തണുപ്പിക്കാൻ എന്തെങ്കിലും ഒരു വാഗ്ദാനം നടത്തും. വാളയാർ കേസ് നോക്കുക. കോടതി വിധി വന്നപ്പോൾ ഉണ്ടായ ജനവികാരത്തെ തണുപ്പിക്കാൻ വാഗ്ദാനം നടത്തി. സമരക്കാർ സർക്കാരിനെ പുകഴ്ത്തിക്കൊണ്ട് പിരിഞ്ഞുപോയി. ഉടൻ അടവ് മാറ്റി. പിന്നെ ആ അമ്മക്കെതിരെ നുണപ്രചാരണങ്ങളുടെ ഘോഷയാത്രയാണ്. സമരക്കാർ ഒരിക്കലും തിരിച്ചു വന്നില്ല. ഈ സമരക്കാർ ആരാണെന്നറിയാമോ. അവരാണ് ഇവിടെ സർക്കാർ തെറ്റുചെയ്താൽ തിരുത്തുമെന്ന് വീമ്പടിക്കുന്ന ഇടതുപക്ഷം. സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം
പിണറായി സർക്കാർ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ച് ഒരു ഇടതുപക്ഷ സുഹൃത്തിനോട് സംസാരിച്ചാൽ അയാൾ പറയും. ഒക്കെ ശരിയാണ് അവയെ ഒക്കെ ഞാൻ വിമർശിച്ചിട്ടുണ്ട്. അതെ അവരുടെ ചടങ്ങ് വിമർശനങ്ങൾ അടവ് നയമാണ്. വിമർശനങ്ങൾ കടുത്തതാണെങ്കിൽ പിണറായി സർക്കാരും ഒരു അടവ് നയവുമായി വരും. ജനങ്ങളോട് പത്രസമ്മേളനം നടത്തി കള്ളം പറയാൻ മടിയില്ലാത്ത മുഖ്യമന്ത്രി ജനവികാരം ഒന്ന് തണുപ്പിക്കാൻ എന്തെങ്കിലും ഒരു വാഗ്ദാനം നടത്തും. സമരക്കാർ പിരിഞ്ഞുപോകും. വാഗ്ദാനത്തിനപ്പുറത്തേക്ക് ഒന്നും നടക്കില്ല. ഒരിക്കൽ പിരിഞ്ഞുപോയ സമരം പിന്നെ ട്രാക്കിലാവാതിരിക്കാൻ വലുതും ചെറുതുമായ നിരവധി നുണകൾ പ്രചരിപ്പിക്കപ്പെടും. ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെയുള്ള സമരം ഒതുക്കിയത് സമരക്കാർ എവിടുന്നോ ഫണ്ട് പറ്റിക്കൊണ്ടാണ് സമരം ചെയ്യുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്ന ശ്രീജിത്തിന്റെ കാര്യം നോക്കുക. സമരം ശക്തമായപ്പോൾ വാഗ്ദാനം വന്നു. സമരക്കാർ പിരിഞ്ഞുപോയപ്പോൾ വാഗ്ദാനം പാലിച്ചില്ല. സമരക്കാർ തിരികെ വരാതിരിക്കാൻ ശ്രീജിത്ത് കള്ളനാണെന്ന് നുണപ്രചരിപ്പിച്ചു. വാളയാർ കേസ് നോക്കുക. കോടതി വിധി വന്നപ്പോൾ ഉണ്ടായ ജനവികാരത്തെ തണുപ്പിക്കാൻ വാഗ്ദാനം നടത്തി. സമരക്കാർ സർക്കാരിനെ പുകഴ്ത്തിക്കൊണ്ട് പിരിഞ്ഞുപോയി. ഉടൻ അടവ് മാറ്റി. പിന്നെ ആ അമ്മക്കെതിരെ നുണപ്രചാരണങ്ങളുടെ ഘോഷയാത്രയാണ്. സമരക്കാർ ഒരിക്കലും തിരിച്ചു വന്നില്ല. ഈ സമരക്കാർ ആരാണെന്നറിയാമോ. അവരാണ് ഇവിടെ സർക്കാർ തെറ്റുചെയ്താൽ തിരുത്തുമെന്ന് വീമ്പടിക്കുന്ന ഇടതുപക്ഷം. അവരെ നുണകൊണ്ട് മാനിപുലേറ്റ് ചെയ്യാൻ എളുപ്പമാണ്. അടിമുടി നുണയിൽ കെട്ടിപ്പൊക്കിയ ഒരു ഗീബൽസിയൻ ഭരണകൂടമാണ് നാം കണ്ടത്. മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു പരാതിയെയും പരിഗണിക്കാത്ത പരിഹരിക്കാൻ ശ്രമിക്കാത്ത ഒരു നുണയൻ സർക്കാർ. അതിന് തെറ്റുപറ്റിയാൽ തിരുത്താൻ ഞങ്ങൾ ഉണ്ടെന്ന് പാടി നടക്കുന്ന ഇടതുപക്ഷ സുഹൃത്തുക്കളെ വിശ്വസിക്കാൻ കഴിയാതായിട്ടുണ്ട്. നുണയിൽ വീഴുന്ന പാർട്ടി വിശ്വാസികൾ മാത്രമാണവർ. അവരുടെ ഉറപ്പിൽ ഈ സർക്കാരിന് തുടർഭരണം നൽകുന്നത് കടുത്ത ആപത്തായിരിക്കും. മറന്നുപോകരുത്.