അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കുടുക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന ഭട്ടിനെ ട്രാന്‍സ്ഫര്‍ വാറന്റ് മുഖേനയാണ് ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നേരത്തെ ഇതേ കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭട്ടിനെ കസ്റ്റഡിയില്‍ കൈമാറുന്നതിനായി പൊലീസ് ട്രാന്‍സ്ഫര്‍ വാറന്റ് ഹാജരാക്കി.
രാജസ്ഥാനിലെ അഭിഭാഷകനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ സഞ്ജീവ് ഭട്ട് നിലവില്‍ പാലമ്പൂര്‍ ജയിലിലാണ്. 27 വര്‍ഷം പഴക്കമുള്ള കേസിലാണ് 2018ല്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ വിചാരണയ്ക്കിടെ ജാംനഗറിലെ കസ്റ്റഡി മരണക്കേസില്‍ ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് ടീസ്റ്റ സെതല്‍വാദിനെയും ആര്‍ബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, വ്യാജ തെളിവുണ്ടാക്കല്‍, ക്രിമില്‍ ഗൂഢാലോചന തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് കേസ്.