സഞ്ജു സാംസണ്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍

0
347

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി 20 പരമ്പരകളില്‍ രോഹിത് ശര്‍മ്മ തന്നെയാകും ടീമിനെ നയിക്കുക. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെ.എല്‍. രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

മുന്‍ നായകന്‍ വിരാട് കൊഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എന്നിവര്‍ക്ക് ട്വന്റി20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ട്വന്റി20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് ടെസ്റ്റ്, ട്വന്റി20 ടീമുകളില്‍ ഇടംപിടിച്ചു. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.

Leave a Reply