ട്വന്റി 20 ടീമിലേക്ക് മാത്രം പരിഗണിച്ചിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉൾപ്പെടുത്തി

0
60

ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. നേരത്തെ ഒക്ടോബർ 26-ന് ടീമിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ ടീം അംഗങ്ങളുടെ പരിക്ക് സംബന്ധിച്ച ബി.സി.സി.ഐ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് സെലക്ഷൻ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് ടീമിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നേരത്തെ ട്വന്റി 20 ടീമിലേക്ക് മാത്രം പരിഗണിച്ചിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പറായാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ക്യാപ്റ്റൻ വിരാട് കോലി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷം നാട്ടിലേക്ക് തിരിക്കും. കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രസവ സമയത്ത് അനുഷ്കയ്ക്ക് പിന്തുണ നൽകാൻ വേണ്ടിയാണ് കോലി മാറിനിൽക്കുന്നത്. നേരത്തെ ഒരു ടീമിലേക്കും പരിഗണിക്കാതിരുന്ന രോഹിത് ശർമയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. രോഹിത്തിന്റെ ഫിറ്റ്നസ് പരിശോധന റിപ്പോർട്ട് കണക്കിലെടുത്ത് താരത്തിന് ഓസീസിനെതിരായ ഏകദിന – ട്വന്റി 20 പരമ്പരകളിൽ വിശ്രമം അനുവദിക്കാനും സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. പരിക്ക് കാരണം പരിഗണിക്കാതിരുന്ന പേസർ ഇഷാന്ത് ശർമ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ്. പരിക്ക് ഭേദമാകുന്ന മുറയ്ക്ക് താരത്തെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തുമെന്ന് കമ്മിറ്റി അറിയിച്ചു. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്ന സ്പിന്നർ വരുൺ ചക്രവർത്തിയെ തോളിനേറ്റ പരിക്ക് കാരണം പരിഗണിച്ചില്ല. ഐ.പി.എല്ലിൽ ഹൈദരാബാദിനായി തിളങ്ങിയ ടി. നടരാജനാണ് വരുണിന് പകരക്കാരൻ. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

ട്വന്റി 20 ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചാഹർ, ടി. നടരാജൻ.

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ, സഞ്ജു സാംസൺ. ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Leave a Reply