Pravasimalayaly

മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്താനാവും; ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍

മഹാരാഷ്ട്രയില്‍  ഭരണം നിലനിര്‍ത്താനാവുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്നും പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുമായുള്ള ചര്‍ച്ചയില്‍ വിജയം കാണുമെന്നാണ് പ്രതീക്ഷ.

ഇത് ആദ്യമായല്ല ബിജെപി മഹാ വികാസ് അഘാഡി സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മൂന്ന് തവണയും ബിജെപി പരാജയപ്പെട്ടു. വിമതനീക്കം നടത്തുന്ന എകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ല. ഉദ്ധവ് താക്കറെ മാറേണ്ടതില്ല. എന്‍സിപിയുടെ എല്ലാം അംഗങ്ങളും ഒന്നിച്ചുനില്‍ക്കുമെന്നും ശിവസേനയില്‍ അവരുടെ ആഭ്യന്തരകാര്യങ്ങളാണെന്നും പവാര്‍ പറഞ്ഞു.

അതിനിടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവസേന നീക്കം ഊര്‍ജ്ജിതമാക്കി. പാര്‍ട്ടി നേതാവ് വിജയ് റാത്തോറിനെ സൂറത്തിലേക്ക് ദൂതനായി പാര്‍ട്ടി യോഗം തീരുമാനിച്ചു. ഷിന്‍ഡെയ്ക്ക് ശിവസേന ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ 35 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്.

ഷിന്‍ഡെയും ശിവസേനയിലെ 21  എംഎല്‍എമാരും നിലവില്‍ സൂറത്തിലെ ഹോട്ടലിലുണ്ട്. ഇതില്‍ നാലു മന്ത്രിമാരും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത എംഎല്‍എ അടക്കം ക്യാമ്പിലുണ്ട്.

ചില സ്വതന്ത്ര എംഎല്‍എമാരേയും സൂറത്തിലേക്ക് മാറ്റിയതായാണ് വിവരം. വിമത നീക്കങ്ങള്‍ക്ക് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡ്നാവിസ് ഡല്‍ഹിയിലെത്തി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.

Exit mobile version