സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്‌നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്.
സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നറിഞ്ഞെന്നും അതിനാൽത്തന്നെ മൊഴിയുടെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഹർജി ഈ മാസം 11ന് വീണ്ടും പരിഗണിക്കും. അതേസമയം, സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തുടങ്ങിയത്.