Pravasimalayaly

ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കിയെന്ന് തരൂര്‍, ജി 23 നേതാക്കള്‍ ഖാര്‍ഗെയ്ക്കൊപ്പം; ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക നല്‍കി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളായ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക നല്‍കി. മുന്‍ ഝാര്‍ഖണ്ഡ് മന്ത്രി കെഎന്‍ ത്രിപാഠിയും മത്സര രംഗത്തുണ്ട്. പത്രിക നല്‍കുന്നതിനുള്ള അവസാന ദിനമായ ഇന്ന് തെരഞ്ഞെടുപ്പു സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിക്കാണ് മത്സരാര്‍ഥികള്‍ പത്രിക നല്‍കിയത്.

പ്രവര്‍ത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് തരൂര്‍ പത്രിക നല്‍കാനെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നും ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും, നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം തരൂര്‍ പറഞ്ഞു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോണ്‍ഗ്രസിനെ നയിക്കുകയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് തരൂര്‍ പറഞ്ഞു. ജി 23ന്റെ പിന്തുണ ഖാര്‍ഗെയ്ക്കാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ജി 23 എന്നത് മാധ്യമങ്ങളുടെ സങ്കല്‍പ്പം മാത്രമാണെന്നായിരുന്നു തരൂരിന്റെ മറുപടി.

കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ചപ്പാടുണ്ട്. അത് 90,000ലേറെ വരുന്ന പ്രതിനിധികളെ അറിയിക്കും. താത്പര്യമുള്ളവര്‍ തനിക്ക് വോട്ടു ചെയ്യുമെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള പ്രകടനപത്രിക തരൂര്‍ പുറത്തിറക്കി. കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ജി 23ലേത് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ വന്‍ സംഘവുമായാണ് ഖാര്‍ഗെ പത്രിക നല്‍കാനെത്തിയത്. അശോക് ഗെലോട്ട്, ദിഗ് വിജയ് സിങ്, പ്രമോദ് തിവാരി, പിഎല്‍ പുനിയ, എകെ ആന്റണി, പവന്‍കുമാര്‍ ബന്‍സല്‍, മുകുള്‍ വാസ്നിക് എന്നിവരാണ് പത്രികയില്‍ ഖാര്‍ഗെയെ പിന്തുണച്ചിരിക്കുന്നത്. ആനന്ദ് ശര്‍മ, മനീഷ് തിവാരി തുടങ്ങിയ ജി 23 നേതാക്കള്‍ പത്രികാ സമര്‍പ്പണത്തിന് ഖാര്‍ഗെയ്ക്കൊപ്പം എത്തി.

Exit mobile version