കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തിരുവനന്തപുരം എം.പി ശശി തരൂര്‍ സെപ്റ്റംബര്‍ 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ശശി തരൂരിന്റെ പ്രതിനിധി ഇക്കാര്യം അറിയിച്ചതായി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി അറിയിച്ചു.ഇതിനിടെ എ.ഐ.സി.സി ട്രഷറര്‍ പവന്‍ ബന്‍സാല്‍ കഴിഞ്ഞ ദിവസം നോമിനേഷന്‍ പത്രികയുടെ ഫോം വാങ്ങിയിരുന്നുവെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയം. ഒക്ടോബര്‍ 8-ന് ആണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന സമയം. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് സ്ഥാനാര്‍ഥി ചിത്രം തെളിയും. പോളിംഗ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17 ന് നടക്കും. ഒക്ടോബര്‍ 19 ന് തന്നെ വോട്ടെണ്ണുകയും അന്ന് തന്നെ പുതിയ അധ്യക്ഷ പ്രഖ്യാപനവുമുണ്ടാവും.
അതേസമയം നെഹ്റു കുടുംബത്തില്‍ നിന്നുളളവര്‍ക്ക് മാത്രമേ പിന്തുണ നല്‍കുവെന്ന നിലപാടിലാണ് കേരളത്തില്‍ നിന്നുളള നേതാക്കള്‍. ശശി തരൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യവും ഇല്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നേതാക്കളെ ഒഴിവാക്കി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ പിന്തുണ തരൂര്‍ തേടുന്നത്.