സൈബർ ചാവേറുകളുടെ പിൻബലത്തിൽ എന്തും നടത്താമെന്ന ചിന്തയാവരുത്……സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സത്യദീപം

0
33

സൈബർ ചാവേറുകളുടെ പിൻബലത്തിൽ എന്തും നടത്താമെന്ന ചിന്തയാവരുത്.. സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി എറണാകുളം അങ്കമാലി രൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. സത്യദീപത്തിൻ്റെ എഡിറ്റോറിയലിൽ ആണ് സർക്കാരിനെതിരേ രൂക്ഷ വിമർശനം.. എഡിറ്റോറിയൽ ചുവടെ

എഡിറ്റോറിയല്‍
16 ഫെബ്രുവരി 2022, ബുധന്‍

സത്യദീപം – പുസ്തകം 95 – ലക്കം 28
ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍

1967 ആഗസ്റ്റ് 13-ന് പീക്കിംഗിലെ ലിബറേഷന്‍ ആര്‍മി ഡെയ്‌ലി പത്രത്തിലെ റിപ്പോര്‍ട്ട് വ്യക്തിയും രാഷ്ട്രീയവും വിഗ്രഹമാകുന്നതിന്റെ അപകടത്തെ അടയാളപ്പെടുത്തുന്നുണ്ട്.
”ലോകം കണ്ട ഏറ്റവും മഹാനായ പ്രതിഭയാണ് ചെയര്‍മാന്‍ മാവോ. ചൈനയ്ക്കകത്തും പുറത്തും നടന്ന തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റങ്ങളുടെ ആക ത്തുകയായ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ തകര്‍ക്കാന്‍ കഴിയാത്ത സത്യമാണ്. ചെയര്‍മാന്‍ മാവോയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമ്പോള്‍ നമുക്കത് മനസ്സിലാകുന്നുണ്ടോ എന്ന കാര്യം ചിന്തിക്കുകയേ വേണ്ട. വിപ്ലവ മുന്നേറ്റങ്ങ ളുടെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ചെയര്‍മാന്‍ മാവോയുടെ പല നിലപാടുകളും ആദ്യം നമുക്ക് മനസ്സിലായിട്ടില്ല എന്ന് ബോധ്യമാകും. ചില നിര്‍ദ്ദേശങ്ങള്‍ അത് നടപ്പിലാക്കുമ്പോഴാണ് മനസ്സിലാകുക. ചിലത് നടപ്പിലാക്കിയതിന് വര്‍ഷങ്ങള്‍ക്കു ശേഷവും. അതിനാല്‍ മനസ്സിലായാലും ഇല്ലെങ്കിലും ചെയര്‍മാന്‍ മാവോയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം.”
ആധുനിക ചൈനയുടെ വികസന ചരിത്രത്തെ മൂന്നു കാലഘട്ട വായനയിലൂടെയാണ് നാം മനസ്സിലാക്കുന്നത്. 1949-78 വരെ നീണ്ട മാവോയുടെ നേതൃത്വം രാഷ്ട്രീയശക്തിയായി ചൈന മാറിയ മാവോയിസത്തിന്റെ ചരിത്രം കൂടിയാണ്. പിന്നീട് ദെങ് സിയാവോ പിങ്ങിന്റെ കീഴില്‍ സോഷ്യലിസ്റ്റ് വിപണി, സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായി ‘ദെങിസം’ വികസിച്ചു. 2013 മുതല്‍ പാര്‍ട്ടിയും രാഷ്ട്രവും ഒന്നായിത്തീരുന്ന തീവ്ര ദേശീയ വികാരത്തെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ച ‘ഷിയിസ’ത്തിന്റെ കാലമാണ്. അതിസമഗ്രാധിപത്യ സിദ്ധാന്തത്തെ രാഷ്ട്രീയ തത്വമായി ചൈന സ്വീകരിച്ചപ്പോള്‍ ഷിജിന്‍ പിങ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമായി രണ്ടാമൂഴത്തില്‍ അതിശക്തനായി തിരിച്ചെത്തി. നേരത്തെ ഏക പാര്‍ട്ടി രാഷ്ട്രമായിരുന്ന ചൈന ഇപ്പോള്‍ ഏക വ്യക്തി രാഷ്ട്രമായി മാറിയിരിക്കുന്നു.
ഈ മധുര മനോജ്ഞ ചൈനയെ കണ്ടുപഠിക്കാനാണ് ഈയിടെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന സൈദ്ധാന്തികന്‍ പാര്‍ട്ടി സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറി അതാവര്‍ത്തിക്കുകയും ചെയ്തു.
പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നത് പ്രശ്‌നമാക്കേണ്ടതില്ല. പറഞ്ഞ ത് പാര്‍ട്ടിയായതിനാല്‍ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ലെന്ന കുഴപ്പംപിടിച്ച സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ് വികസനത്തിന്റെ അവസാന വണ്ടിയായി കെ-റെയിലിനെ അവതരിപ്പിക്കുന്നത്. ”ഇത്ര വേഗത്തില്‍ ഇതെങ്ങോട്ടെ ന്ന്” മനസ്സിലാകാഞ്ഞതിനെ ഇടതുസഹയാത്രികനായ പ്രശസ്ത കവി കവിതയായി കുറിച്ചപ്പോല്‍ അത് കുറച്ചിലായി തോന്നിയ സഖാക്കള്‍ ‘സാമൂഹ്യ’ മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം.
ജനങ്ങള്‍ക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു. ഇത്രയും വലിയ സാമൂഹിക-പാരിസ്ഥിതിക-സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്താണെന്ന് പ്രതിപക്ഷ കക്ഷികളുടെ സംശയത്തെ പാര്‍ട്ടി നിശ്ചയിച്ച ‘പൗരപ്രമുഖരെ’ വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി ‘വിശദീകരിച്ചത്’. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ-റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടില്‍, മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ല എന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സര്‍ക്കാര്‍.
പ്രശ്‌നം കെ-റെയില്‍ പദ്ധതി മാത്രമല്ല. അത് വന്ന വഴിയുടെ കൂടിയാണ്. ചര്‍ച്ചകളെ ഒഴിവാക്കി, എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടായിരുന്നു, സര്‍ക്കാര്‍ മറുപടി. തത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്നാണ് കേന്ദ്ര നിലപാട്.
ഏറ്റവും ഒടുവില്‍, ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ വഴിയിലും അനാവശ്യമായ തിടുക്കത്തിന്റെ ഭരണവെപ്രാളമുണ്ട്. നേരത്തെ ഇടതു സര്‍ക്കാര്‍ തന്നെ നിയമമായി കൊണ്ടുവന്ന ‘ലോകായുക്ത’ യെ വെറും അന്വേഷണകമ്മീഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നയപരമായ കാര്യങ്ങളില്‍പ്പോലും സഭാ ചര്‍ച്ചകളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്, പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്തവകാശം എന്ന് ചോദി ക്കുന്നത് ഇടതനുകൂലികള്‍ പോലുമാണ്.
അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാക്കുന്നത് പ്രാഥമികമായ ഒരു ഫാസിസ്റ്റ് തന്ത്രമാണ്. അതുകൊണ്ട് എല്ലാവരേയും മുഴുവന്‍ കാര്യങ്ങളും അറിയിക്കരുത് എന്നും എല്ലാവര്‍ക്കും രാഷ്ട്രീയമായി തുല്യത നല്കരുത് എന്നും, രാഷ്ട്രീയ തുല്യത എന്നത് ലോകത്തിലെ ഏറ്റ വും മൂഢമായ വിശ്വാസമാണ് എന്നും പറഞ്ഞത് മുസ്സോളിനിയാണ്. ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നവരും, സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാസിസ്സത്തിന്റെ വഴിയില്‍ത്തന്നെയാണ്. ചിന്താഭാരം ഒഴിവാക്കിയൊഴിയുന്ന അടിമത്തത്തിന്റെ അനുസരണം ഇതിന്റെ നല്ലൊരു പശ്ചാത്തല സഹായിയുമാണ്.
ഏതാനും സൈബര്‍ ചാവേറുകളുടെ പ്രതിരോധബലത്തില്‍ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണ്. പരിപാടികളും പദ്ധതികളും മുകളില്‍നിന്ന് താഴോട്ട് എന്നതിലാണ് പ്രശ്‌നം. ഈ ദിശാമാറ്റം ത െന്നയാണ് പരിഹാരവും. ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യം പാര്‍ ട്ടി മറന്നെങ്കിലും ജനത്തിനിന്നും ഓര്‍മ്മയുണ്ട്. അപരോന്മുഖതയെ ആദര്‍ശമാക്കുന്ന പാര്‍ട്ടിക്ക് അസഹിഷ്ണുതയുടെ ആസുരവഴികള്‍ ഉചിതമോ എന്ന പ്രശ്‌നവുമുണ്ട്. കേരളത്തെ കാലത്തിനു മുമ്പേ നടത്തുകയെന്നത് പ്രധാനപ്പെട്ടതാണ്, സംശയമില്ല. പുരോഗതി ഉറപ്പാക്കുന്ന പദ്ധതികളും വേണം. അപ്പോഴും സംഭാഷണങ്ങളിലൂടെ വെളിച്ചപ്പെടാനുള്ള സന്മനസ്സുണ്ടാകണം. അത് വിധേയത്വമല്ല; വിവേകമാണ്. കാലത്തിന് അഭിമുഖം നില്‍ക്കുന്ന സൗഹാര്‍ദ്ദ ശൈലിയുമാണ്; മറക്കരുത്.

Leave a Reply