ദമ്മാം: സൗദി അറേബ്യയിൽ വീട്ടുജോലിയ്ക്ക് എത്തപ്പെട്ട്, കാണാതായതായി വീട്ടുകാർ പരാതിപ്പെട്ട ആന്ധ്രാ സ്വദേശിനിയെ നവയുഗം ജീവകാരുണ്യവിഭാഗം സൗദി പോലീസിന്റെ സഹായത്തോടെ കണ്ടെത്തി, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.
ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തിലെ അദ്ദങ്കിവാരിലങ്ക സ്വദേശിനിയായ കാരി ലക്ഷ്മി എന്ന വനിതയാണ് നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേയ്ക്ക് മടങ്ങിയത്. മൂന്നു വർഷം മുൻപാണ് ലക്ഷ്മി പ്രവാസലോകത്തെത്തിയത്. ഒരു സൗദി പൗരൻ അവരെ ബഹറൈൻ വിസയിൽ കൊണ്ടുവന്ന്, പിന്നീട് വീട്ടുജോലിക്കാരിയായി സൗദിയിൽ എത്തിയ്ക്കുകയായിരുന്നു. ഒന്നര വർഷം മുൻപ് വരെ നാട്ടിലുള്ള കുടുംബവുമായി ലക്ഷ്മി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഒരു വിവരവും ലഭിക്കാതായി. തുടർന്ന് അവരുടെ വീട്ടുകാർ സൗദിയിലെ ഇന്ത്യൻ എംബസ്സിയിൽ പരാതിപ്പെട്ടു. ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന് വിവരങ്ങൾ കൈമാറി, ലക്ഷ്മിയെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണികുട്ടനും കൂടി ലക്ഷ്മിയുടെ സ്‌പോൺസറുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് അവർ സൗദി പോലീസിനെ ബന്ധപ്പെട്ട് സൈബർ സെല്ലിന്റെ സഹായം തേടി. പോലീസ് മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്ത് ലക്ഷ്മിയുടെ സ്‌പോൺസറുടെ വീട് കണ്ടുപിടിച്ചു. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ലക്ഷ്മി ആ വീട്ടിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്ന് കണ്ടുപിടിച്ചു.
തുടർന്ന് സൗദി പോലീസ് സ്പോൺസരെ വിളിച്ചു, ലക്ഷ്മിയെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ലക്ഷ്മിയുമൊത്തു സ്പോൺസർ എത്തിയപ്പോൾ, മഞ്ജുവും മണിക്കുട്ടനും അവരോട് സംസാരിച്ചു. തനിയ്ക്ക് ഒന്നരവർഷമായി ശമ്പളമൊന്നും കിട്ടിയിട്ടില്ല എന്നും, സ്പോൺസർ എക്സിറ്റ് തരുന്നില്ല എന്നും, എങ്ങനെയും നാട്ടിലേയ്ക്ക് പോകാനാണ് ആഗ്രഹമെന്നും ലക്ഷ്മി അവരോടു പറഞ്ഞു.
സ്പോൺസറോട് നവയുഗം ജീവകാരുണ്യപ്രവർത്തകർ തുടർച്ചയായി ചർച്ച നടത്തിയപ്പോൾ, ഒടുവിൽ ലക്ഷ്മിയ്ക്ക് ആറു മാസത്തെ ശമ്പളമേ നല്കാനുള്ളൂ എന്നും, അതും എക്സിറ്റും വിമാനടിക്കറ്റും നൽകാൻ താൻ തയ്യാറാണ് എന്ന നിലപാടാണ് അയാൾ എടുത്തത്. മറ്റു തെളിവുകൾ ഇല്ലാത്തതിനാൽ, പരസ്പര ധാരണയുടെ പുറത്ത് നാട്ടിലേയ്ക്ക് മടങ്ങാനായി ലക്ഷ്മിയും സമ്മതിച്ചു.
അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.