Pravasimalayaly

സൗമ്യയുടെ മൃതദേഹം ശനിയാഴ്ച വീട്ടിലെത്തിയ്ക്കും

ഇസ്രായേലില്‍ ഹമാസിന്റെ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട് സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച രാത്രി ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവരും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ നടപടികള്‍ വൈകും.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2017 ല്‍ ആണ് അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ഇവര്‍ ഹമാസിന്റെ ഷെല്ലാക്രമണത്തിനിരയായത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. സൗമ്യയുടെ നഷ്ടത്തില്‍ ഇസ്രായേല്‍ മുഴുവന്‍ ദുഃഖിക്കുന്നുവെന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ പറഞ്ഞു.

അതിനിടെ ഹമാസിന്റെ ആക്രമണവും ഇസ്രായേലിന്റെ പ്രത്യാക്രമണവും കഴിഞ്ഞ രാത്രിയിലും മാറ്റമില്ലാതെ തുടര്‍ന്നു. ഗാസയില്‍ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രായേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. ഭീകരര്‍ ഉള്‍പ്പെടെ എഴുപതിനടുത്ത് പലസ്തീനികള്‍ക്കും ആറ് ഇസ്രായേലികള്‍ക്കും മൂന്നുദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായി. സിനഗോഗുകള്‍ക്കും പോലീസ് സ്റ്റേഷനുകള്‍ക്കും പലസ്തീന്‍ തീവ്രവാദികള്‍ തീയിട്ടു. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version