Pravasimalayaly

സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം

ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിൽ കഴിയുന്ന കോവിഡ് ബാധിതനായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം. സിദ്ദീഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹി എയിംസി ലേക്ക് മാറ്റണമെന്ന ആവശ്യം നാളെ പരിഗണിക്കാൻ കോടതി മാറ്റി. 20-ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മധുരയിലെ കൃഷ്ണ മോഹൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകൻ വിൽസ് മാത്യു കോടതിയെ അറിയിച്ചു. എന്നാൽ ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ ആരോപണം നിഷേധിച്ചു. തുടർന്നാണ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിലേക്കോ സഫ്ദർ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷയിൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായിരുന്നു. എന്നാൽ ഓൺലൈൻ വാദത്തിൽ ഉണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ആണ് അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. കേരള പത്രപ്രവർത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തിനും വേണ്ടി അഭിഭാഷകൻ വിൽസ് മാത്യു ആണ് ഹാജരായത്.

Exit mobile version