പുതിയ അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനം ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങള്‍ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികള്‍ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വര്‍ഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തില്‍ അലങ്കരിച്ച വേദിയില്‍ ബലൂണുകള്‍ പറത്തിയും മധുരം നല്‍കിയുമൊക്കെയാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷവും കോവിഡ് മഹാമാരിക്കിടയില്‍ ലളിതമായാണ് പ്രവേശനോത്സവം നടത്തിയത്. ഇത് പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ സജ്ജീകരിച്ച വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അക്ഷരദീപം തെളിയിച്ചു. കോവിഡ് വ്യാപനം കുറയുമ്പോള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തില്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി