Pravasimalayaly

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 17 മുതൽ

തിരുവനന്തപുരം: എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പൊതു പരീക്ഷകള്‍ നടത്തുക.
ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയ ദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍ തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിംഗും സ്‌കൂള്‍തലത്തില്‍ നടത്തും. ഇതിനായി 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയാകും ക്രമീകരണം. സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലെ എല്ലാ ക്ലാസുകളും ഓണ്‍ലൈനായി തുടരും.
കോളജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ഥികളെ വച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.

Exit mobile version