സവര്‍ണ്ണ സംവരണത്തെ പിന്തുണക്കുന്നവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ലെന്ന് പുതുതായി രൂപീകരിച്ച പട്ടിക ജാതി – പട്ടികവര്‍ഗ്ഗ – ദലിത് – പരിവര്‍ത്തിത ക്രൈസ്തവ മുന്നണി തീരുമാനിച്ചു. .പട്ടിക ജാതി സംവരണം ജനസംഖ്യനുപാതികമായി 12% ആയി വര്‍ധിപ്പിക്കുക, പട്ടികവര്‍ഗ്ഗ സംവരണം 3% മായി വര്‍ദ്ധിപ്പിക്കുക, ദലിത് ക്രൈസ്തവ സമുദായത്തിന് ജനസംഖ്യാനുപാതികമായി 7% സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും മുന്നണി മുന്നോട്ടുവെച്ചു. സാമൂഹ്യനീതിയേയും ഭരണഘടനാ തത്ത്വങ്ങളേയും അട്ടിമറിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സവര്‍ണ സംവരണത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. സൂചനസമരമായി നവംബര്‍ 21 ന് പതിനായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ വെച്ച് 7-11-2020 ല്‍ സംഘടിപ്പിച്ച ദലിത് ആദിവാസി ദലിത് ക്രൈസ്തവ നേതൃസമ്മേളനം വന്‍ വിജയമായിരുന്നു. പട്ടികജാതി സമുദായങ്ങളുടേയും പരിവര്‍ത്തിത ക്രൈസ്തവ സമുദായത്തിന്റെ ഇടയില്‍ സംവരണത്തിന്റെയും മതത്തിന്റെയും പേരില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളേയും വൈരുദ്ധ്യങ്ങളേയും വളരെ ക്രിയാത്മകമായി പരിഹരിച്ച് ഐക്യപ്പെട്ടുകൊണ്ട് മുന്നോട്ടു പോകുന്നതിനു വേണ്ടി 2-11-2020 ല്‍ നടന്ന ഗൂഗിള്‍ നേതൃയോഗത്തില്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്ത് നേതൃസമ്മേളനം വിളിച്ചു ചേര്‍ത്തത്. ചുരുങ്ങിയ സമയത്തും കോവിഡ്-19 എന്ന മഹാമാരിയുടെ ആശങ്കകള്‍ ഉയര്‍ത്തിയ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ടാണ് സമുദായത്തിന്റെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി മഹാമ്മേളനത്തിലേക്ക് പട്ടികജാതി-ദലിത്-ആദിവാസി-ദലിത് ക്രിസ്ത്യന്‍ നേതൃത്വം എത്തിച്ചേര്‍ന്നത്.
സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവസരസമത്വവും ഭരണ പങ്കാളിത്തവും ഉറപ്പു നല്കുന്ന സമുദായ സംവരണമെന്ന ഭരണഘടനാ സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടാണ് രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് സമ്മേളനം വിലയിരുത്തി. സാമ്പത്തിക സംവരണത്തിന്റെ മറവില്‍ സവര്‍ണ സംവരണം നടപ്പാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. യാതൊരു തത്ത്വദീക്ഷയുമില്ലാതെ ദുതഗതിയിലാണ് കേരളത്തില്‍ സമ്പന്ന സവര്‍ണ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പത്തു ശതമാനം സംവരണം മുന്നോക്കക്കാര്‍ക്കു വേണ്ടി നല്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സാമൂഹ്യ നീതിയുടെ കടക്കല്‍ കത്തിവെയ്ക്കുകയും , സംവരണീയരുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുവാനുമുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്.
സമ്മേളനത്തില്‍ 30 സംഘടനകളില്‍ നിന്നായി 97 സമുദായ നേതൃത്വങ്ങള്‍ പങ്കെടുത്തു. 6 സംഘടനകള്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കുവാന്‍ കഴിയില്ലാ എന്നറിയിച്ചിരുന്നു. അഡ്വ. പി. പ്രസാദ് അധ്യക്ഷത വഹിച്ചു. സണ്ണി എം കപിക്കാട് ആമുഖ പ്രഭാഷണം നടത്തി. കെ.അംബുജാക്ഷന്‍, അഡ്വ.സജി.കെ ചേരമന്‍, പ്രവീണ്‍ വി ജയിംസ്, ഐ.ആര്‍ സദാനന്ദന്‍, എം.ഡി തോമസ്, ഏകലവ്യന്‍ ബോധി, ബിജോയ് ഡേവിഡ്, അഡ്വ. പി.എ. പ്രസാദ്, സണ്ണി എം കപിക്കാട് എന്നിവര്‍ പ്രസീഡിയം അംഗങ്ങളായിരുന്നു. സംവണപ്രമേയം, സമരപ്രമേയം, രാഷ്ട്രീയപ്രമേയം എന്നിവ കെ സന്തോഷ് കുമാര്‍, ഐ.ആര്‍. സദാനന്ദന്‍, എം.ഡി.തോമസ് എന്നിവര്‍ അവതരിപ്പിച്ചു.
സമ്മേളനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ- ദലിത്-പരിവര്‍ത്തിത ക്രൈസ്തവ മുന്നണി എന്ന പേരില്‍ വിവിധ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്കി. സണ്ണി എം കപിക്കാട് ചെയര്‍മാനും, വൈസ് ചെയര്‍മാന്‍മാരായി കെ.അംബുജാക്ഷന്‍, കെ.കെ.സുരേഷ്, ചിത്ര നിലമ്പൂര്‍, ജി.വരദരാജന്‍ ഐ.ആര്‍.സദാനന്ദന്‍, എം.ഡി.തോമസ്, വി.എസ്. രാധാകൃഷ്ണന്‍ എന്നിവരും അഡ്വ. പി.എ.പ്രസാദ് ജനറല്‍ സെക്രട്ടറിയും, ബിജോയ് ഡേവിഡ്, അഡ്വ. സജി.കെ. ചേരമന്‍. എസ്.ജെ. സാംസണ്‍ എന്നിവരെ സെക്രട്ടറിമാരായും, കെ സന്തോഷ് കുമാര്‍, ദീപ പി മോഹന്‍ എന്നിവര്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരായുള്ള 35 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു. 150 അംഗ സംസ്ഥാന കൗണ്‍സില്‍ രൂപം നല്കാനും തീരുമാനിച്ചു. കൂടുതല്‍ സംഘടനകളെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടു പോകുവാനും സമ്മേളനം തീരുമാനിച്ചു.