Monday, July 8, 2024
HomeNewsKeralaകെ സുരേന്ദ്രന്റേത് പരസ്യകലാപത്തിനുള്ള ആഹ്വാനം: റോയ് അറയ്ക്കല്‍

കെ സുരേന്ദ്രന്റേത് പരസ്യകലാപത്തിനുള്ള ആഹ്വാനം: റോയ് അറയ്ക്കല്‍

കൊച്ചി:

പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിന്റെ മറവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സംസ്ഥാനത്ത് പരസ്യകലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വടക്കേ ഇന്ത്യയില്‍ നടക്കുന്നതുപോലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുള്ള ആഹ്വാനമാണിത്. ഇത് കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും. കൊലപാതകം നടന്നാല്‍ ഉടന്‍ പ്രതികളെ പ്രഖ്യാപിക്കാനുള്ള ജോലി സുരേന്ദ്രന്‍ ഏറ്റെടുക്കേണ്ടതില്ല. അത് അന്വേഷിച്ച് കണ്ടെത്താന്‍ അന്വേഷണ സംവിധാനങ്ങളുണ്ട്.

സംസ്ഥാനത്ത് ബിജെപി കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. മുതിര്‍ന്ന ആര്‍എസ്എസ്-ബിജെപി നേതാവ് പി പി മുകുന്ദന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്ത് കഴിഞ്ഞയിടെ ചര്‍ച്ചയായിരുന്നു. ഓരോ സംഘര്‍ഷങ്ങളും പ്രശ്നങ്ങളും രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടിയാണ് ബിജെപിക്ക്. ശബരിമല സ്ത്രീപ്രവേശന വിഷയം സംസ്ഥാനത്ത് സജീവ ചര്‍ച്ചയായപ്പോള്‍ ഇത് സുവര്‍ണാവസരമാണെന്നാണ് ബിജെപി നേതാവ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പറഞ്ഞത്.

ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ ജിഹാദ് തുടങ്ങി പലതും സംസ്ഥാനത്ത് ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് വേണ്ടത്ര വേരോട്ടത്തിന് കാരണമായില്ല. അതിനാല്‍ സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ധ്രുവീകരണത്തിനാണ് അടുത്ത നോട്ടം. അത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വിദ്വേഷ പ്രചാരണത്തിലൂടെ കലാപങ്ങളുണ്ടാക്കി രാഷ്ട്രീയം നേട്ടം കൊയ്യാമെന്ന് ബിജെപി വ്യാമോഹം കേരളത്തില്‍ നടപ്പില്ലെന്നും മതേതര കേരളം ജനകീയ ചെറുത്തുതോല്‍പ്പിക്കുമെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments