കോട്ടയം: വടക്കു-കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ അൻപത് ദിവസത്തിലധികമായി ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ ജൂലൈ 14 ന് തിരുവല്ലയിൽ ജനസംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും ഭീകരമായ വംശീയ ഉന്മൂലന കലാപമാണ് മണിപ്പൂരിൽ അരങ്ങേറുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ വ്യക്തമായ പിന്തുണയോടെയാണ് കലാപം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു സംസ്ഥാനം കത്തുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടാതെ വിദേശ പര്യടനത്തിനു പോയി എന്നത് ആശ്ചര്യകരമാണ്.
ബിജെപി മുന്നോട്ടുവയ്ക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് കുക്കികളും മെയ്തികളും തമ്മിലുള്ള കലാപമായി മാറിയിരിക്കുന്നത്. 100 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 6000 ത്തോളം പേർ അഭയാർത്ഥികളായി മാറി. 5,000 ത്തിലേറെ വീടുകളാണ് കലാപ ത്തിൽ കത്തിച്ചത്. 200 ഗ്രാമങ്ങൾ തീയിട്ട് നശിപ്പിച്ചു. 300ലേറെ ക്രിസ്ത്യൻ പള്ളികളും അക്രമണത്തിനിരയായി.ഗുജറാത്തിനു സമാനമായി മനുഷ്യരെ പച്ചയ്ക്ക് കത്തിക്കുന്ന അതി ക്രൂരമായ സംഭവവും മണിപ്പൂരിൽ അരങ്ങേറി.
മണിപ്പുരിൽ പടിഞ്ഞാറൻ ഇംഫാലിലെ ലാംസങ്ങിൽ മെയ്ത് അക്രമിസംഘം ചുട്ടുകൊന്നത് മെയ്തീ ക്രൈസ്തവ കുടുംബത്തിലെ ഏഴു വയസ്സുകാരനടക്കം മൂന്നുപേരെ, മീന ഹാങ്സിങ് (45), മകൻ ടോൻസിങ് ഹാങ്സിങ് (ഏഴ്). ഇവരുടെ ബന്ധു ലിഡിയ കുറെ ബാം (37) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. മെയ്തീ തീവ്രവാദികളുടെ വെടിയേറ്റ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരവെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. നൂറുകണക്കിനുപേർ ആംബുലൻസ് വളഞ്ഞ് തീയിട്ടു. മൂന്നുപേരുടെയും ശരീരം കത്തിക്കരിഞ്ഞുപോയി. ക്രൈസ്തവർക്കെതിരായ വംശീയ കലാപമാണ് എന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. കേവലം മെയ്തികളും കുക്കികളും തമ്മിലുള്ള സംഘർഷമല്ല. മെയ്തികളിലെ കൈസ്തവ വിശ്വാസികൾ പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നു.
ആർഎസ്എസ്സിന്റെ അടിസ്ഥാന പ്രമാണമായ വിചാരധാര ചൂണ്ടിക്കാണിക്കുന്ന വംശ ശുദ്ധീകരണമാണ് രാജ്യത്ത് നടക്കുന്നത്. മുസ്ലിംകൾ, ക്രൈസ്തവർ, കമ്മ്യൂണിസ്റ്റുകൾ, ജനാധിപത്യവാദികൾ എന്നിവരെ ഓരോരുത്തരെയായി തുടച്ചുനീക്കുന്ന പ്രക്രിയയാണ് ബിജെപി ഭരണത്തിൽ മണിപ്പൂരിലുൾപ്പെടെ അരങ്ങേറുന്നത്. രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ഈ ഫാഷിസ്റ്റ് വിപത്തിനെതിരേ ഐക്യപ്പെടുക എന്നതുമാത്രമാണ് ഏകപരിഹാരമെന്നും റോയ് അറയ്ക്കൽ വ്യക്തമാക്കി.
ജൂലൈ 14 ന് വൈകീട്ട് തിരുവല്ലയിൽ നടക്കുന്ന ജനസംഗമത്തിൽ രാഷ്ട്രീയ, മത, സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി റോയ് അറയ്ക്കൽ, സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത്,കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് , പി എം അഹമദ് എന്നിവർ സംബന്ധിച്ചു.