കോവിഡ് വ്യാപനം; സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

0
407

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇതോടെ സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം താല്‍ക്കാലികമായി അടച്ചു.

സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് ഓഫീസുകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. സെക്രട്ടേറിയറ്റില്‍ വിവിധ കോവിഡ് ക്ലസ്റ്ററുകള്‍ തന്നെ രൂപപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പത്തുദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന ഉണ്ടായതായും, സ്ഥിതി അതീവ ഗൗരവകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

സെന്‍ട്രല്‍ ലൈബ്രറി ഈ മാസം 23 വരെയാണ് അടച്ചിട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാര്‍ക്ക് വരെയെങ്കിലും വര്‍ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ജോലിക്കാര്യത്തില്‍ അടിയന്തരമായി പുനഃക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തുനല്‍കി. 

Leave a Reply