കൊച്ചി: നയതന്ത്രസ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷിന്റെ പുതിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) കൈമാറി. വിശദ പരിശോധന നടത്തിയശേഷം തുടരന്വേഷണവും ചോദ്യംചെയ്യലുമടക്കമുള്ള കാര്യങ്ങളില്‍ ഇ.ഡി. അന്വേഷണസംഘം തീരുമാനമെടുക്കും.
മുഖ്യമന്ത്രിയെയും കുടുംബത്തെയുംകുറിച്ച് രഹസ്യമൊഴിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ചോദ്യംചെയ്യല്‍ ഉണ്ടാകുമോ എന്നും വരുംദിവസങ്ങളില്‍ അറിയാം.
കസ്റ്റംസിന് ഒന്നരവര്‍ഷം മുമ്പാണ് സ്വപ്ന രഹസ്യമൊഴി നല്‍കിയത്. അതേ മൊഴികള്‍തന്നെയാണോ ഇ.ഡി. കേസിലും നല്‍കിയിരിക്കുന്നത് എന്നതിലായിരിക്കും പ്രാഥമിക പരിശോധന. സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ പലതിലും തെളിവില്ലെന്ന കാരണത്താല്‍ കസ്റ്റംസ് സംഘം അന്വേഷണം നടത്തിയിട്ടില്ല. എന്നാല്‍, ഇ.ഡി.ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറച്ചുകൂടി വിപുലമായ അധികാരപരിധിയുണ്ട്.
സുരക്ഷസംബന്ധിച്ച സ്വപ്നയുടെ ആവശ്യത്തിന്മേല്‍ രഹസ്യമൊഴി പരിശോധിച്ചശേഷമാവും ഇ.ഡി. തീരുമാനമെടുക്കുക. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ സ്വപ്നയ്ക്ക് നിലവില്‍ സുരക്ഷ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍, രഹസ്യമൊഴി പരിശോധിച്ചശേഷം സ്വപ്ന നിര്‍ണായകസാക്ഷിയോ മാപ്പുസാക്ഷിയോ ആയി മാറാന്‍ സാധ്യതയുണ്ടെങ്കില്‍മാത്രമാണ് സുരക്ഷ നല്‍കണമെന്ന് ഇ.ഡി.ക്ക് കോടതിയോട് ആവശ്യപ്പെടാനാവുക.