Pravasimalayaly

യുഡിഎഫിന് ഘടനാപരമായ മാറ്റം വരുന്നു; മണ്ഡലംതലം മുതല്‍ ഏകോപനസമിതി

തിരുവനന്തപുരം: യുഡിഎഫിന് മണ്ഡലംതലംമുതല്‍ ഏകോപന സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി യുഡിഎഫ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് സി.ഡി സതീശന്‍ അറിയിച്ചു. നിലവില്‍ നിയോജകമണ്ഡല തലം വരെയാണ് ഏകോപന സമിതിയുള്ളത്.സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളില്‍ നിയോജകമണ്ഡലം യുഡിഎഫ് സമ്മേളനങ്ങള്‍ നടത്തും. നവംബറില്‍  ജില്ലാ തല യുഡിഎഫ് സമ്മേളനങ്ങള്‍. ഈ സമ്മേളനത്തില്‍ യുഡിഎഫിന്റെ നയരേഖ അവതരിപ്പിക്കും. ജനുവരിയില്‍ യുഡിഎഫിന്റെ സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്തും. അടുത്ത ഒരു വര്‍ഷത്തേയക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കണ്‍വെന്‍ഷനില്‍ വെച്ച് തീരുമാനിക്കും.
യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തി സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തും. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വരെ ഏതെങ്കിലും ഒരു ഘടകകക്ഷിയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഏതെങ്കിലും ഒരു കോണ്‍ഗ്രസുകാരന്‍ ശ്രമിച്ചാല്‍ അയാള്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാവുമെന്നു കെപിസിസി പ്രസിഡന്റ് യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷി പ്രതിനിധികളെ അറിയിച്ചതായി പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദമായി അവലോകനം ചെയ്യാന്‍ സെപ്റ്റംബര്‍ 22 ന് മുഴുവന്‍ ദിന അവലോകന യോഗം നടത്തും.
കോണ്‍ഗ്രസിലുണ്ടായിരുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടു. കെപിസിസി പുനസംഘടനയും ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തിയാക്കും.   സംസ്ഥാനത്ത് പോലീസ് നടത്തുന്ന തേര്‍വാഴ്ച്ചയില്‍ യുഡിഎഫ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. .

Exit mobile version