Saturday, November 23, 2024
HomeNewsKeralaകെഎസ്ആർടിസി ബസിൽ കോളജ് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതി പറഞ്ഞിട്ടും ഗൗനിക്കാതെ കണ്ടക്ടർ

കെഎസ്ആർടിസി ബസിൽ കോളജ് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതി പറഞ്ഞിട്ടും ഗൗനിക്കാതെ കണ്ടക്ടർ

കെഎസ്ആർടിസി ബസിൽ കോളജ് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം. സഹയാത്രികൻ മോശമായി പെരുമാറിയെന്നും പരാതിപ്പെട്ടപ്പോൾ കണ്ടക്ടർ പ്രതികരിച്ചില്ലെന്നും അധ്യാപിക പറഞ്ഞു. കണ്ടക്ടർക്കെതിരെ പരാതി നൽകാനാണ് അധ്യാപികയുടെ തീരുമാനം.

സംഭവിച്ചതിനെ കുറിച്ച് അധ്യാപിക പറഞ്ഞതിങ്ങനെ- ‘കെഎസ്ആർടിസി ബസിൽ കോഴിക്കോട്ടേക്ക് വരുമ്പോൾ തൃശൂർ എത്തുന്നതിനു മുൻപ് എൻറെ സീറ്റിൻറെ തൊട്ടുപിറകിലിരുന്നയാൾ മോശമായി സ്പർശിച്ചു. ഞാനപ്പോൾ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേൾക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാൾ സോറി പറഞ്ഞു. വീണ്ടും ഞാൻ ഇരുന്നെങ്കിലും അയാൾ പിറകിൽ തന്നെയുള്ളതിനാൽ പേടി തോന്നി. ഞാനെന്ത് ധൈര്യത്തിലാ ഇവിടെയിരിക്കുക എന്ന് വീണ്ടും എഴുന്നേറ്റുനിന്ന് ചോദിച്ചു. അപ്പോൾ അയാൾ മാപ്പ് മാപ്പ് എന്നും പറഞ്ഞ് രണ്ടു സീറ്റ് പിറകോട്ട് പോയി. കണ്ടക്ടർ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പക്ഷേ അയാൾ ഒന്നും പറഞ്ഞില്ല.

ഇത്രയും ഇവിടെ നടന്നിട്ടും ചേട്ടനൊന്നും പറയുന്നില്ലേയെന്ന് ഞാൻ കണ്ടക്ടറോട് ചോദിച്ചു. അയാൾ മാപ്പ് പറഞ്ഞതല്ലേ ഇനിയിന്തിനാ ഇഷ്യു ആക്കുന്നെ എന്നു കണ്ടക്ടർ ചോദിച്ചു. ഇയാൾ ചെയ്ത കാര്യമല്ലേ വിഷയം, ഞാനിങ്ങനെ വിറയ്ക്കുന്നത് കാണുന്നില്ലേ എന്ന് കരഞ്ഞുകൊണ്ട് കണ്ടക്ടറോട് ചോദിച്ചു. ബസിലുണ്ടായിരുന്ന മറ്റുള്ളവരോടും ഞാനിത് തന്നെ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. 40 പേരോളം ആ ബസിലുണ്ടായിരുന്നിട്ടും ആരും എനിക്കു വേണ്ടി സംസാരിച്ചില്ല. ഇങ്ങനെയൊക്കെ ഉണ്ടായാൽ ആളുകൾ നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെനിൽക്കും എന്ന ധൈര്യത്തിലാണ് നമ്മളൊക്കെ യാത്ര ചെയ്യുന്നത്. ഇന്നലെത്തോടെ ആ ധൈര്യം പോയി.

പൊലീസിൽ അറിയിച്ചു. എന്താ വേണ്ടതെന്ന് പൊലീസ് ചോദിച്ചു. പൊലീസ് അപ്പോൾ കണ്ടക്ടറെ മാറ്റിനിർത്തി സംസാരിച്ചു. തിരിച്ചുവന്ന് ചെയ്തത് തെറ്റാണ്, അയാൾക്ക് കുറ്റബോധമുണ്ടെന്ന് പറഞ്ഞു. പക്ഷേ ഞാനിത് നിയമപരമായി തന്നെ നേരിടും. പ്രതികരിക്കാതിരുന്നാൽ നാളെ ഒരു കുട്ടിയെ അയാളുടെ മുന്നിൽ വെച്ച് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽപ്പോലും അയാളിങ്ങനെ ഇരിക്കില്ലേ? ഒന്നും കാണാത്തപോലെ’

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments