Pravasimalayaly

കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ ആക്രമണം, 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്; ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്‌ഐ ആക്രമണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ ആക്രമണത്തില്‍ 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് എഎസ്എഫ്‌ഐ ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

നട്ടെല്ലിനും സാരമായി പരിക്കേറ്റ മൂന്നാംവര്‍ഷ ബിഎ ഫിലോസഫി വിദ്യാര്‍ഥി നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഞ്ചുപേര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ തങ്ങളുടെ നാലുപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ 11.30ന് കാമ്പസിനുള്ളില്‍ വച്ചാണ് സംഭവമുണ്ടായത്. മരച്ചുവട്ടിലെ ബെഞ്ചിലിരിക്കുകയായിരുന്ന എഐഎസ്എഫ്കാരുടെ അടുത്തേക്ക് ആയുധങ്ങളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെല്ലുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തറയില്‍നിന്ന് കല്ലെടുത്ത് തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഇന്റേണല്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എഐഎസ്എഫ് നേതാക്കള്‍ പറയുന്നു. ആക്രമിച്ചവരില്‍ കോളജിനു പുറത്തുനിന്നുള്ളവരുമുണ്ടെന്നും അവര്‍ ആരോപിച്ചു.

കോളജില്‍ എഐഎസ്എഫ് യൂണിറ്റ് രൂപവത്കരിച്ചതിനെയും കൊടി സ്ഥാപിച്ചതിനെയും തുടര്‍ന്ന് ഏറെനാളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്രഖ്യാപിത വിലക്ക് മറികടന്ന് മത്സരിച്ചതും 15 സീറ്റില്‍ ജയിച്ചതുമാണ് എസ്എഫ്‌ഐക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. എഐഎസ്എഫിന്റെ പരാതിയില്‍ 26 പേര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version