Pravasimalayaly

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി.ഇന്ന് തൃശൂരില്‍ ചേര്‍ന്ന എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എല്‍ദോസ് മത്തായി കണ്‍വീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിയെ ആണ് തീരുമാനിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാര്‍ച്ച് സംഘടിപ്പിക്കുകയും, സംഘടിപ്പിച്ച മാര്‍ച്ച് സംഘടനക്കാകെ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ആക്രമാസക്തമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് നേതൃത്വം വിശദീകരിച്ചു.

കേസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഐഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്ഐ നടപടി സ്വീകരിച്ചത്. എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തുവന്നിരുന്നു.

കല്‍പറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ കുട്ടികളോട്? ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം

Exit mobile version