Pravasimalayaly

ഷാഫിയുടേയും ശബരിയുടേയുംനിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനെതിരേയും പിഎസ്്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനു പിന്തുണ പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെഎസ്. ശബരീനാഥും നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേയ്ക്ക്. നാലാം ദിനമായ ഇന്നലെ രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരപ്പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന് സമരപന്തലില്‍ വെച്ച് പത്രസമ്മേളനവും നടത്തി. യൂത്ത് കോണ്‍ഗ്രസ്, കെഎസ്് യു പ്രവര്‍ത്തകര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടത്തി. കെഎസ് യു മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിരാഹാരപന്തലിലെത്തി എംഎല്‍എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു.
നിരാഹാരപന്തലില്‍ ഷാഫി പറമ്പില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരേ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. അര്‍ഹതപ്പെട്ട ജോലി ചോദിച്ച് ഉദ്യോഗാര്‍ഥികള്‍ മുട്ടിലിഴഞ്ഞ് സമരം നടത്തുമ്പോള്‍ അവരുടെ പുറത്തുകയറി ആന കളിക്കുന്നത് ഡിവൈഎഫ്ഐ അവസാനിപ്പിക്കണമെന്നും എ.എ റഹീം മധ്യസ്ഥ വേഷം അഴിച്ചുവെച്ചും ബ്രോക്കര്‍ പണി അവസാനിപ്പിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങി സമരം നടത്തുകയാണ് വേണ്ടതെന്നും ഷാഫി പറഞ്ഞു.
സംഘടനാ ബോധം പണയം വെച്ച് അടിമകളെ പോലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാല്‍ക്കല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ ന്യായീകരണത്തിന് വേണ്ടി എടുത്തോടാന്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് ഡിവൈഎഫ്ഐ പ്രസ്ഥാനം അധഃപതിച്ചു പോകാന്‍ പാടില്ലായിരുന്നുവെന്നുഅദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മുഖം മറച്ച് പെട്രോള്‍ ബോംബുമായി വന്ന് പോലീസിന് നേരെയെറിഞ്ഞ് സമരം നടത്തിയ ആളുകള്‍ യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനെയും സമരത്തിന്റെ കാര്യത്തില്‍ ഉപദേശിക്കാന്‍ വരേണ്ട. ആ ഉപദേശം കേള്‍ക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ല. യൂത്ത് കോണ്‍ഗ്രസ് അടിയുറച്ച് നില്‍ക്കുന്നത് കേരളത്തിലെ യുവജനങ്ങളുടെ കൂടെയാണ്. അടുത്ത നിമിഷം ഉദ്യോഗാര്‍ഥികളുടെ സമരം തീര്‍ന്നാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് യൂത്ത് കോണ്‍ഗ്രസാണ്. ഒരു മന്ത്രി വന്ന് അഞ്ചുമിനിട്ട് സംസാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ ഈ സമരക്കാര്‍ക്കുള്ളൂ. അതിന്റെ ക്രഡിറ്റൊന്നും യൂത്ത് കോണ്‍ഗ്രസിന് വേണ്ട. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്ന് മാത്രമാണ് യൂത്ത് കോണ്‍ഗ്രസിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version