Pravasimalayaly

ഷാജഹാന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്, മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.ഷാജഹാന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണിത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവയില്‍ ആവശ്യപ്പെട്ടു

സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്. ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം. സിപിഐഎം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍പ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനല്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. കൊലപാതകത്തിന് എതിരെ ബഹുജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

അതേസമയം പാലക്കാട് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കൊട്ടോക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍ (40) ആണ് കൊല്ലപ്പെട്ടത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.ഷാജഹാന് ആര്‍എസ്എസ് വധഭീഷണിയുണ്ടായിരുന്നതായി സിപിഎം ആരോപിച്ചു.രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. ആക്രമണത്തില്‍ ഷാജഹാന്റെ തലയ്ക്കും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്തുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version