Pravasimalayaly

ഷാൻ ബാബു നേരിട്ടത് ക്രൂരമർദനം; വിവസ്ത്രനാക്കി, കണ്ണിൽ വിരൽകൊണ്ട് കുത്തി;ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

കോട്ടയം: കോട്ടയത്ത് പത്തൊൻപതുകാരൻ ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് മുൻപ് ഷാൻ നേരിട്ടത് ക്രൂര മർദ്ദനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഷാൻ ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ 38 അടയാളങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഷാനിനെ കാപ്പി വടികൊണ്ട് മൂന്ന് മണിക്കൂറോളം അടിച്ചെന്ന് പ്രതി ജോമോൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷാനിനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറോളം മർദനം തുടർന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയ്ക്ക് ഉള്ളിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും മർദിച്ചെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു.

തലച്ചോറിലെ രക്തസ്രാവം മൂലമാണ് ഷാൻ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

ജോമോന്റെ സുഹൃത്തായിരുന്ന ഷാൻ ബാബു കൂറു മാറിയതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കേസിൽ അഞ്ച് പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോമോനൊപ്പം ഇവരും ഉണ്ടായിരുന്നതായാണ് വിവരം. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ ഇന്നലെ പുലര്‍ച്ചെയാണ് ജോമോന്‍ ജോസ് മര്‍ദിച്ചുകൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ടത്. ഷാന്‍ ബാബുവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എതിര്‍ സംഘത്തിലെ ചിലരെ കണ്ടെത്തുന്നതിനും ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിനു ആദ്യം മൊഴി നല്‍കിയത്.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണു ഷാന്‍ ബാബുവിനെ ഓട്ടോറിക്ഷയിലെത്തിയ ജോമോന്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് മര്‍ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഷാനിന്റെ ശരീരത്തിലുണ്ട്. മൃതദേഹം പൊലീസ് സ്‌റ്റേഷനു മുന്നില്‍ കൊണ്ടിട്ട പ്രതി ഷാനിനെ കൊലപ്പെടുത്തിയതായി പൊലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. തുടര്‍ന്നു പൊലീസെത്തി ജോമോനെ പിടികൂടുകയായിരുന്നു.

കാപ്പാ കേസ് പ്രതിയാണ് ജോമോന്‍ ജോസ്്. കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ പ്രാധാന്യം ഇല്ലാതായിരുന്നു. നവംബറില്‍ നാടുകടത്തപ്പെട്ട ജോമോന്‍ അപ്പീലില്‍ രണ്ടാഴ്ച മുന്‍പാണ് തിരിച്ചെത്തിയത്.

Exit mobile version