തിരുവനന്തപുരം: മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ അറസ്റ്റിൽ(Actor Rajan P Dev’s wife Shantamma). നെടുമങ്ങാട് എസ്പി ഓഫീസിൽ ഹാജരായ ശാന്തയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്തമ്മ. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് കഴിഞ്ഞ മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ശാന്തമ്മ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിനാലാണ് അന്ന് ശാന്തയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതിരുന്നത്.
ശാന്തമ്മയെ കസ്റ്റഡിയിൽ എടുക്കാനായി നെടുമങ്ങാട് നിന്നുള്ള പൊലീസ് സംഘം അങ്കമാലിയിലെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ശാന്തമ്മ ഒളിവിലെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഏപ്രിൽ 13നായിരുന്നു നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരിൽ ഇവർ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി.