Pravasimalayaly

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റ്

അബുദാബി :∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടൂത്തു. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ഇദ്ദേഹം രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്.

2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് മുഹമ്മദ്, അബുദാബിയുടെ 17–ാമത്തെ ഭരണാധികാരി കൂടിയാകും. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഫെഡറൽ സുപ്രീം കൗൺസിൽ ഇന്നു വിളിച്ചുചേർക്കുകയായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പിനു യോഗ്യത നേടുന്നതിനു മുൻപ് അഞ്ചു വർഷത്തേയ്ക്ക് ഷെയ്ഖ് മുഹമ്മദ് അധികാരം വഹിക്കും. 2005 ജനുവരി മുതൽ യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘാടക മികവ്, പ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യുഎഇ സായുധസേനയെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ, യുഎഇ സായുധസേന രാജ്യാന്തര സൈനിക സംഘടനകൾ പരക്കെ പ്രശംസിക്കുന്ന പ്രമുഖ പ്രസ്ഥാനമായി ഉയർന്നു.

Exit mobile version