ദേവനന്ദയുടെ മരണ കാരണം ഷിഗെല്ല ബാക്ടീരിയ; കാസര്‍കോട് ജാഗ്രതാ നടപടികള്‍ ശക്തമാക്കി

0
24

കാസര്‍കോട് നാലുകുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികള്‍ ശക്തമാക്കി. ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിലാണ് അധികൃതര്‍.

ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയെന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply