Pravasimalayaly

‘ശിവസേനാ ബാലാസാഹേബ്’; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ, പുറത്താക്കാന്‍ സേന

മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം ശിവേസന വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും. ശിവസേന ബാലാസാഹേബ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്ന്, വിമത നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഇന്നു ചേരുന്ന ശിവസേന നേതൃയോഗം ഷിന്‍ഡെയെ പുറത്താക്കുമെന്ന് സൂചന.

ശിവസേന നാഷനല്‍ എക്‌സിക്യൂട്ടിവ് യോഗം മുംബൈയില്‍ നടക്കുകയാണ്. ഏകനാഥ് ഷിന്‍ഡെയെ പുറത്താക്കാന്‍ യോഗം തീരുമാനമെടുക്കും. ഇതിനു പിന്നാലെ തന്നെ വിമതര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂരിപക്ഷം എംഎല്‍എമാരും ഒപ്പമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമം പിളര്‍പ്പിനെ ബാധിക്കില്ല. 

ഷിന്‍ഡെയ്‌ക്കൊപ്പം മുന്‍ മന്ത്രി രാംദാസ് കദത്തിന് എതിരെയും നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കദത്തിന്റെ മകനും എംഎല്‍എയുമായ യോഗേഷ് കദം കഴിഞ്ഞ ദിവസം വിമതര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. 

രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് തീരുമാനം. താനെയിലെ, ഏകനാഥ് ഷിന്‍ഡെയുടെ വീടിനു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. ഏതാനും സ്ഥലങ്ങളില്‍ വിമത എംഎല്‍എമാരുടെ ഓഫിസുകള്‍ക്കു നേരെ അക്രമം നടന്നു. വിമതരെ നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന് ചില സേനാ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version