Pravasimalayaly

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പുറത്തേക്ക്; നിയമസഭ പിരിച്ചുവിടുമെന്ന് ശിവസേന; അഞ്ചുമണിക്ക് എംഎല്‍എമാരുടെ യോഗം

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എംഎല്‍എമാരുടെ യോഗം വിളിച്ച് ശിവസേന. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന യോഗത്തില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു എംഎല്‍എമാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. 

ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അവര്‍ സ്വമേധയാ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായി വിലയിരുത്തുമെന്നും കത്തില്‍ പറയുന്നു. 
മുന്‍കൂട്ടി അറിയിക്കാതെയും കൃത്യമായ കാരണമില്ലാതെയും ആരെങ്കിലും യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് അവരുടെ അഗംത്വം റദ്ദാക്കുന്ന നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്നും കത്തില്‍ പറയുന്നു. 

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ പിരിച്ചുവിടുന്നതിനെ കുറിച്ച് യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, തനിക്കൊപ്പം സ്വതന്ത്രര്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയാറ് എംഎല്‍എമാരുണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറയുന്നത്. 40 ശിവസേന അംഗങ്ങളും ആറ് സ്വതന്ത്രരും തനിക്കൊപ്പമുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെടുന്നു. നിലവില്‍ ഇവര്‍ ഗുവാഹത്തിയിലാണുള്ളത്. വിമത എംഎല്‍എമാരെ കാണാനായി ശിവസേന നേതാക്കള്‍ ഗുവാഹത്തിയിലേക്ക് തിരിച്ചു. 

വിമതരുടെ ക്യാമ്പിലുണ്ടായിരുന്ന എംഎല്‍എ നിതിന്‍ ദേശ്മുഖ് മഹാരാഷ്ട്രയില്‍ തിരിച്ചെത്തി. തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും ഗുജറാത്തില്‍ എത്തിയ താന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നുമാണ് ദേശ്മുഖ് പറയുന്നത്. 

Exit mobile version