Pravasimalayaly

‘ഒരു മകന്‍ എന്നനിലയിലേ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയൂ’; പി.സി. ജോര്‍ജിനെതിരായ കേസ് നിയമപരമായി നേരിടുമെന്ന് ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പി.സി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. പോലീസിനൊപ്പം സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന പി.സി. ജോര്‍ജിനെ ഷോണ്‍ ജോര്‍ജും അനുഗമിക്കുന്നുണ്ട്.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ പി.സി. ജോര്‍ജിന്റെ പ്രസംഗത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ‘ഒരുമകന്‍ എന്ന നിലയിലാണ് ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്’ എന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ മറുപടി. ‘ മകന്‍ എന്നനിലയിലാണ് ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അല്ല. എന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ കഴിഞ്ഞു, അതിനാല്‍ എനിക്ക് ഒരു മകന്‍ എന്നനിലയിലേ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയൂ. എന്റെ പിതാവിനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്. അവിടെ എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പറയുന്നത്. അതിനുശേഷം കോടതിയില്‍ ഹാജരാക്കും. അതുസംബന്ധിച്ച കാര്യങ്ങളേ പറയാനുള്ളൂ.’ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

‘അറസ്റ്റ് രേഖപ്പെടുത്തുമെന്ന് വിചാരിച്ചില്ല. പോലീസ് വിളിപ്പിക്കുമെന്നാണ് കരുതിയത്. സ്വാഭാവികമായും പോലീസ് വിളിപ്പിച്ചാല്‍ അങ്ങോട്ട് ചെല്ലുന്നയാളാണല്ലോ പി.സി. ജോര്‍ജ്. രാത്രി ഒരുമണിക്കാണ് എ.സി.പിയും സി.ഐ.യും എല്ലാം അവിടെനിന്ന് പോന്നത്. ഫോര്‍ട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇന്ന് ഞായറാഴ്ച ദിവസമാണല്ലോ, അതുകൊണ്ടാകും പെട്ടെന്നുതന്നെയുള്ള ഈ അറസ്റ്റ്’ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസഭയുടെ സമ്മേളനത്തിനിടെയാണ് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. പ്രസംഗം വിവാദമായതോടെ യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ പി.സി. ജോര്‍ജിനെതിരേ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തത്. പിന്നാലെ ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പോലീസ് സംഘം പി.സി. ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Exit mobile version