ദേവസ്വം ബോര്‍ഡ് വ്യാജനിയമനത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ തൊഴില്‍ തട്ടിപ്പ് സംഘത്തെ സഹായിച്ച മൂന്ന് ഗ്രേഡ് എസ്ഐമാരെ സസ്പെന്‍ഡ് ചെയ്തു. മാവേലിക്കര സ്റ്റേഷനിലെ എസ്ഐമാരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍, ഹക്കീം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഒന്നാം പ്രതി വിനീഷിന് പൊലീസ് ഉദ്യോഗസ്ഥര്‍ കേസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടത്തല്‍. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ നിയമ ഉത്തരവ് നല്‍കി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടത്തിയത്. മുഖ്യപ്രതി വിനീഷിനെ സഹായിക്കാന്‍ പൊലീസുകാരും കൂട്ടുനിന്നുവെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.
വൈക്കം ക്ഷേത്രകലാപീഠത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്‌മെന്റിന്റെ നിയമന ഉത്തരവുമായി യുവതി ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. വ്യാജ നിയമന ഉത്തരവ് ശ്രദ്ധയില്‍പ്പെട്ട ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായര്‍ മാര്‍ച്ച് 23 ന് ഡിജിപിക്ക് പരാതി നല്‍കി. പക്ഷെ മൂന്ന് മാസത്തിന് ശേഷം മാത്രമാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. വിനീഷിനെതിരെ മാവേലിക്കര സ്റ്റേഷനില്‍ ഇതുവരെ 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.