തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് പിസി വിഷ്ണുനാഥ്. നിയമസഭയില്‍ അടിയന്തര പ്രമേയംഅവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ അല്ല കെ ഗുണ്ടായിസമാണ് നടക്കുന്നത്. കല്ലിടുന്നത് എതിര്‍ക്കുന്നവര്‍ക്കു നേരെ പൊലീസ് രൂക്ഷ അതിക്രമമാണ് അഴിച്ചു വിടുന്നതെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു.പാവപ്പെട്ടവരുടെ വീടിന്റെ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റി സ്ഥാപിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാതെ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലിരിക്കുന്നു. സ്വന്തം പുരയിടം നഷ്ടമാകുന്നത് പ്രതിഷേധിക്കുന്നവരെ പൊലീസ് ഗുണ്ടകളെപ്പോലെ മര്‍ദ്ദിക്കുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. പൊലീസ് ആറാടുകയാണ്. കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് നടക്കുന്നത്. ജനങ്ങളുടെ കണ്ണീരിനിടയില്‍കൂടി എന്തിനാണ് മഞ്ഞക്കുറ്റിയെന്നും വിഷ്ണുനാഥ് ചോദിച്ചു.
കെ റെയില്‍ അല്ല കെ കമ്മീഷന്‍ പദ്ധതിയാണ്. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന പദ്ധതിയാണ്. കെ റെയില്‍ പദ്ധതിയില്‍ ഇടതുപക്ഷത്തിന്റേത് ഇരട്ടത്താപ്പാണ്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പാത പദ്ധതിക്കെതിരെ സിപിഎം അടക്കം സമരത്തിലാണ്. പദ്ധതി പരിസ്ഥിതി വിനാശകരമാണെന്ന് എം വി ഗോവിന്ദനും കെ കെ ശൈലജയ്ക്കുമൊപ്പം കേന്ദ്രക്കമ്മിറ്റിയില്‍ ഇരിക്കുന്ന അശോക് ധവാളെയാണ് പീപ്പിള്‍സ് ഡെമോക്രസിയില്‍ ലേഖനം എഴുതിയത്. അവിടെ സമരം നടത്തുന്ന സിപിഎം ഇവിടെ കെ റെയില്‍ പദ്ധതിയുമായി രംഗത്തിറങ്ങുന്നു.
ഇവിടെ പദ്ധതി പരിസ്ഥിതി നാശകരമെന്ന് ചൂണ്ടിക്കാട്ടി സമരം നടത്തുന്ന പാവപ്പെട്ടവരെയും പ്രതിപക്ഷത്തെയും പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. ലോകസമാധാനത്തിന് രണ്ടുകോടിയും മലയാളിയുടെ സമാധാനം കളയാന്‍ 2000 കോടിയും. ബജറ്റില്‍ സില്‍വര്‍ ലൈന്‍ പ്രാരംഭപദ്ധതിക്കു വേണ്ടി 2000 കോടി നീക്കിവെച്ചതിനെ പരാമര്‍ശിച്ച് വിഷ്ണുനാഥ് പറഞ്ഞു. പാരിസ്ഥിതികമായി നാടിനെ തകര്‍ക്കുന്ന പദ്ധതിയാണ് കെ റെയില്‍. അടിമുടി ദുരൂഹമാണ് പദ്ധതി. കെ റെയില്‍ ആര് ആവശ്യപ്പെട്ട പദ്ധതിയാണെന്നും വിഷ്ണുനാഥ് ചോദിച്ചു.
ആര് എതിര്‍ത്താലും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി ആവശ്യമില്ല. ജനങ്ങള്‍ അധികാരമേല്‍പ്പിച്ച സര്‍ക്കാരാണിത്. പ്രതിപക്ഷം മനോഭാവം മാറ്റണം ഇല്ലെങ്കില്‍ രക്ഷപ്പെടില്ല. വികസനവിരുദ്ധതയാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നത്.
കെ റെയില്‍ എന്തുകൊണ്ട് വേണമെന്ന് ശശി തരൂര്‍ എംപി തന്നെ പറഞ്ഞിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ എല്ലായിടത്തും ഉണ്ടാകാം. കെ റെയില്‍ ഇല്ലാത്ത സ്ഥലത്തും ഉരുള്‍പൊട്ടും. പ്രളയം ഉണ്ടായാല്‍ ചാല്‍ വെട്ടി വെള്ളം ഒഴുക്കി കളയണം. പരിസ്ഥിതി നാശത്തെ പ്രതിപക്ഷം പെരുപ്പിച്ച് കാണിക്കുകയാണ്. പദ്ധതിക്കെതിരായ സമരം ഇവന്റ് മാനേജ്മെന്റ് സമരമാണ്. തൂണ് പൊളിക്കലാണ് പ്രതിപക്ഷത്തിന്റെ പണി. 2025 ല്‍ പദ്ധതി നടപ്പാകുന്നതോടെ യുഡിഎഫിന്റെ സ്ഥിരം ഇരിപ്പിടം പ്രതിപക്ഷത്താകുമെന്നും ഷംസീര്‍ പറഞ്ഞു.