സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നിടത്ത് പ്രശ്‌നമുണ്ടെങ്കിൽ കല്ലിടാതെയും സർവേ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിൽവർലൈൻ പദ്ധതി എൽഡിഎഫ് നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളേയും ജീവിതങ്ങളേയും ഒപ്പം ചേർത്തേ സിൽവർ ലൈൻ നടപ്പാക്കൂവെന്ന് മന്ത്രി എംവി ഗോവിന്ദനും വ്യക്തമാക്കി. അതിനിടെ, സിൽവർ ലൈൻ വിഷയത്തിൽ യുഡിഎഫിനൊപ്പമാണെന്ന് ശശി തരൂർ എംപി അറിയിച്ചു.
ജനങ്ങളോട് യുദ്ധം ചെയ്തായിരിക്കില്ല കെ-റെയിൽ പദ്ധതി നടപ്പാക്കുകയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രശ്‌നമുണ്ടെങ്കിൽ കല്ലിടാതെയായിരിക്കും സർവേ. അതിനുള്ള സാങ്കേതിക സംവിധാനങ്ങൾ നിലവിലുണ്ട്. ഭൂമി വിട്ടുകൊടുക്കുന്നവർ കണ്ണീരു കുടിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ അൻപതു കൊല്ലത്തെ വളർച്ച കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്ന് മന്ത്രി എംവി ഗോവിന്ദനും പറഞ്ഞു. പദ്ധതി പൂർത്തിയാകുമ്പോൾ നിരത്തുകളിൽ നിന്ന് ലക്ഷക്കണക്കിന് വണ്ടികൾ പിൻവലിയും. ജനങ്ങൾ എതിരായതുകൊണ്ടാണ് കോൺഗ്രസ് സിൽവർലൈനെതിരെ സമരത്തിനിറങ്ങിയതെന്ന് ശശി തരൂർ എംപി പറഞ്ഞു.
സിൽവർലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.