തിരുവനന്തപുരം: . സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനമെമ്പാടും പ്രതിഷേധങ്ങൾ പൊട്ടി പുറപ്പെടുമ്പോൾ പദ്ധതിയുമായി ബന്ധപെട്ട് ഇടതുമുന്നണിയിലെ ഘടക കക്ഷിയായ കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി പുലർത്തുന്ന മൗനം ദുരൂഹമാണെന്നും ജോസ് കെ. മാണി മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയിൽ ജനങ്ങൾ ഒന്നടങ്കം സമരത്തിലാണ്. ചങ്ങനാശേരിയിലെ മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെ പോലിസ് അതിക്രൂരമായി മർദ്ദിക്കുമ്പോൾ ചങ്ങനാശേരിയിലെ കേരള കോൺഗ്രസ് എം.എൽ.എ. ജോബ് മൈക്കിൾ സിൽവർ ലൈൻ പദ്ധതിക്കനുകൂലമായി നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു. പ്രതിഷേധിച്ച വൈദികർക്ക് നേരെ പോലും പോലിസ് അതിക്രമം നടന്നു. കെ.സി.ബി.സിയും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും പദ്ധതിക്കെതിരെ സുദീർഘമായ ലേഖനം എഴുതി. പദ്ധതിക്കെതിരെ രംഗത്ത് വരുന്നവരെ തീവ്രവാദികൾ എന്നാണ് സർക്കാർ അഭിസംബോധന ചെയ്യുന്നത്. കോഴിക്കോടും കണ്ണൂരും മലയോര കർഷകരുടെ ഭൂമിയിലൂടെയാണ് സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്നത്. കോട്ടയം ചങ്ങനാശേരി, ഏറ്റുമാനൂർ ,ചെങ്ങന്നൂർ, പത്തനംതിട്ട , എറണാകുളം എന്നിവിടങ്ങളിലെ പല പഞ്ചായത്തുകളും സിൽവർ ലൈൻ പദ്ധതിയോടെ ഇല്ലാതാവുകയാണ്. ഇരുവശത്തും 10 മീറ്റർ വീതം ബഫർ സോൺ , അതായത് 20 മീറ്റർ ബഫർ സോണാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉള്ളതെന്ന് കെ. റയിൽ എം.ഡി. വിശദമാക്കിയ പശ്ചാത്തലത്തിൽ കുറ്റിയിട്ട വീടുകൾ മാത്രമല്ല നഷ്ടപ്പെടുന്നത്. അതിനപ്പുറം ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കും. ബഫർ സോണിൽ നഷ്ടപരിഹാരം ഇല്ല എന്നതും കൂട്ടിവായിക്കേണ്ടതാണ്. കേന്ദ്രാനുമതി ഇല്ലാത്ത പദ്ധതി നടപ്പാക്കാൻ സർക്കാർ കാട്ടുന്ന വ്രഗത പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കമ്മീഷൻ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. അദ്ധ്വാനവർഗ സിദ്ധാന്തം രചിച്ച കെ.എം.മാണി എന്ന നേതാവിന്റെ പാർട്ടി കർഷക ഭൂമി തട്ടിയെടുക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് കുട പിടിക്കരുത്. കെ.എം.മാണി ജീവിച്ചിരുന്നെങ്കിൽ ഈ പദ്ധതിയെ എതിർക്കുമെന്ന് ഉറപ്പാണ്. സമയം കിട്ടുമ്പോൾ ജോസ് കെ.മാണി സിൽവർ ലൈൻ പദ്ധതിക്കെതിരെ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനം മനസിരുത്തി വായിക്കണം. എന്തുകൊണ്ട് പദ്ധതിയെ എതിർക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് വളരെ ലളിതമായി ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ജനങ്ങൾ വിഷമിക്കുമ്പോൾ , ജനങ്ങൾ ഒരു കാരണവുമില്ലാതെ സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെടുമ്പോൾ മത മേലദ്ധ്യക്ഷൻ മാർ ഇടപെടുവെന്നും അതിനെ വിമോചന സമരമെന്ന് പേരിൽ സർക്കാർ മുദ്ര കുത്തുന്നത് അപഹാസ്യമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടികാണിക്കുന്നു. കർഷക പാർട്ടിയായ കേരള കോൺഗ്രസ് പദ്ധതിക്കെതിരെ രംഗത്ത് വരണമെന്നും ഡോ. ശൂരനാട് ആവശ്യപ്പെട്ടു.