സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയത്.പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
എന്താണ് സര്‍വേ നടത്തുന്നതില്‍ ബുദ്ധിമുട്ടുകളെന്നും എന്തിനാണ് മുന്‍ധാരണകളെന്നും കോടതി ചോദിച്ചു. സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രിംകോടതി.
കല്ലിടല്‍ ആരംഭിച്ചതുമുതല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ മിക്കയിടങ്ങളിലും സില്‍വര്‍ ലൈന്‍ വിരുദ്ധസമിതി പിഴുതെറിഞ്ഞു. അതേസമയം എന്തുവിലകൊടുത്തും പദ്ധതിയുമായി മുന്നോട്ടപോകുമെന്ന നിലപാടില്‍ തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.
അതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന സര്‍ക്കാര്‍ വാദം പൊളിച്ചുകൊണ്ടുള്ള, രേഖകള്‍ പുറത്തുവന്നു. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഒക്ടോബര്‍ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലും പിന്നീട് പദ്ധതി കടന്നുപോകാനിരിക്കുന്ന 11 ജില്ലകളിലെ ജില്ലാഭരണകൂടങ്ങള്‍ പുറത്തിറക്കിയ തുടര്‍വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്