സില്‍വര്‍ ലൈന്‍ സംവാദം; ജോസഫ് സി മാത്യുവിനെയും ഡോ. സജി ഗോപിനാഥിനെയും ഒഴിവാക്കി

0
22

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തില്‍ നിന്നും ജോസഫ് സി മാത്യുവിനെയും ഡോ. സജി ഗോപിനാഥിനെയും ഒഴിവാക്കി. ജോസഫ് സി മാത്യുവിന് പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണനെ ആണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സജി ഗോപിനാഥിന് പകരം ഡോ. കുഞ്ചെറിയ പി ഐസക്കും പാനലില്‍ ഇടംപിടിച്ചു. പുതിയ പാനലിന്റെ പട്ടിക കെ റെയില്‍ അധികൃതര്‍ പുറത്തു വിട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നാണ് സാമൂഹ്യ നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ജോസഫ് സി മാത്യുവിന്റെ ഒഴിവാക്കലിന് പിന്നിലെന്നാണ് സൂചന. 

സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവരുടെ പാനലില്‍ ഡോ. ആര്‍വിജി മേനോന്‍, അലോക് വര്‍മ, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാകും ഉണ്ടാകുക. 
സില്‍വര്‍ലൈന്‍ ഡിപിആര്‍ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയില്‍ ഉണ്ടായിരുന്ന വിദഗ്ധനാണ് റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ.
പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍നിര നേതാവുമാണ് ഡോ. ആര്‍ വി ജി മേനോന്‍.

സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരുടെ പാനലില്‍ നിന്നും കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനെയും ഒഴിവാക്കി. പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ.കുഞ്ചെറിയ പി ഐസക്കിനെ ഉൾപ്പെടുത്തി. മോഡറേറ്ററായി നിശ്ചയിച്ചിരുന്ന ശാസ്ത്ര–സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ.കെ പി സുധീറിനെയും പാനലിൽ നിന്ന് ഒഴിവാക്കി. ദേശീയ റെയിൽവേ അക്കാദമിയിലെ വകുപ്പുമേധാവി മോഹൻ എ മേനോനാണ് പുതിയ മോഡറേറ്റർ.

Leave a Reply