Pravasimalayaly

സില്‍വര്‍ലൈന്‍ വിഷയം ചര്‍ച്ച ചെയ്യാം; അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നല്‍കി സ്പീക്കര്‍

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ നിയമസഭയില്‍ അപ്രതീക്ഷിത നീക്കവുമായി സര്‍ക്കാര്‍. നിയമസഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയിരിക്കുകയാണ്. ഒരു മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ ചര്‍ച്ചയാണ് ഇതെന്നതും ശ്രദ്ധേയമാണ്.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പൊതുജനങ്ങള്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് പരിഹരിക്കുന്നത് കൂടി ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയായിരുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

യുക്രൈനില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച വിഷയവും ശ്രദ്ധക്ഷണിക്കലായി സഭയില്‍ വരുന്നുണ്ട്. എസ് എസ് എല്‍ സി പരീക്ഷയുടെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദ്യോത്തര വേളയിലുണ്ടാകും.

Exit mobile version