Wednesday, July 3, 2024
HomeNewsKeralaസില്‍വര്‍ ലൈന്‍;നട്ടാശ്ശേരിയില്‍ സംഘര്‍ഷം, കോഴിക്കോടും ചോറ്റാനിക്കരയിലും സര്‍വേ മാറ്റിവെച്ചു

സില്‍വര്‍ ലൈന്‍;നട്ടാശ്ശേരിയില്‍ സംഘര്‍ഷം, കോഴിക്കോടും ചോറ്റാനിക്കരയിലും സര്‍വേ മാറ്റിവെച്ചു

സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോട്ടയം നാട്ടാശ്ശേരിയില്‍ രാവിലെ എട്ടരയോടെയാണ്  വന്‍ പൊലീസ് സന്നാഹത്തോടെ കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. സര്‍വേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

ജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പൊലീസ് വഴി തടഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും പൊലീസ് കടത്തിവിട്ടില്ല. വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാകിസ്ഥാന്‍ അതിര്‍ത്തി അല്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സ്ഥലത്തുണ്ട്. 

പൊലീസ് നടപടിയെ തുടര്‍ന്ന് സ്ത്രീകളടക്കം നാട്ടുകാര്‍ സില്‍വര്‍ലൈന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. നാട്ടാശ്ശേരിയില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ കല്ലിടല്‍ തടസ്സപ്പെട്ടിരുന്നു. കോട്ടയം പെരുമ്പായിക്കോടും കല്ലിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇടാന്‍ കൊണ്ടു വന്ന കല്ലുകള്‍ പ്രതിഷേധക്കാര്‍ എടുത്തു കളഞ്ഞു. കുഴി കുത്താന്‍ കൊണ്ടുവന്ന ഉപകരണവും സമരക്കാര്‍ തിരികെ എടുപ്പിച്ചു. 

കോഴിക്കോടും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നത്തെ സില്‍വര്‍ ലൈന്‍ കല്ലിടല്‍ സര്‍വേ മാറ്റിവെച്ചു. പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍വേ മാറ്റിവെച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് കല്ലിടൽ ഒഴിവാക്കി സർവേ മാത്രം നടത്തുമെന്നാണ് സൂചന.

സര്‍വേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് കല്ലിടൽ താൽക്കാലികമായി മാറ്റിവെച്ചതെന്നാണ് വിശദീകരണം. സർവേ കല്ലിടാൻ ഉദ്യോ​ഗസ്ഥർ ഇന്ന് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം തിരുനാവായയിലും നാട്ടുകാര്‍ പ്രതിഷേധവുമായി തമ്പടിച്ചിട്ടുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments